കൊച്ചി: വാക്സിൻ എടുത്തവർക്കായി വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനാ മാനദണ്ഡങ്ങളിൽ സർക്കാർ പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടില്ലെന്ന് സിയാൽ അധികൃതർ. ഇതു സംബന്ധിച്ച് യാത്രക്കാർക്ക് ആശയക്കുഴപ്പമുള്ള സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആർ.ടി.പി.സി.ആർ. പരിശോധന സംബന്ധിച്ച് നേരത്തേയുള്ള മാനദണ്ഡങ്ങൾ തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. വാക്സിൻ എടുത്തവർക്കായി പ്രത്യേക മാർഗനിർദേശങ്ങളൊന്നും വന്നിട്ടില്ല. എല്ലാ യാത്രക്കാരും പുറപ്പെടുന്ന രാജ്യത്തു നിന്നും ഇവിടെ എത്തിയ ശേഷവും ആർ.ടി.പി.സി.ആർ. ടെസ്റ്റ് ചെയ്യണം – സിയാൽ ഉദ്യോഗസ്ഥർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
വിദേശത്തു നിന്ന് വരുന്നവർ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലാണ് ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടത്. ഇവിടെ എത്തിയ ശേഷം വിമാനത്താവളത്തിലും ടെസ്റ്റ് ചെയ്യും. നെഗറ്റീവായാലും ഏഴു ദിവസം ക്വാറന്റൈനും നിർബന്ധമാണ്. തുടർന്നുള്ള ഏഴു ദിവസം സ്വയം നിരീക്ഷണവും നിർദേശിച്ചിട്ടുണ്ട്.
Content Highlights: Those who received vaccine are not exempt from RTPCR testing at airports















