തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാത്തതിനാൽ അറസ്റ്റ് ചെയ്യുന്നതിന് കോടതി ഉത്തരവിട്ടിരുന്നു. അതേസമയം, ഒരു അപകടത്തിൽ കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് കോടതിയിൽ ഹാജരാകാതെ ഇരുന്നതെന്ന് വിഷ്ണു പറഞ്ഞു. ഹാജരാകാത്തതിനെ തുടര്‍ന്ന് വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറന്റാണ് വിചാരണകോടതി പുറപ്പെടുവിച്ചത്.
നടൻ ദിലീപില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഒന്നാം പ്രതി സുനില്‍ ജയിലില്‍ നിന്ന് അയച്ച കത്ത് എഴുതിയത് വിഷ്ണുവായിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ വിഷ്ണു കത്തിന്റെ പകര്‍പ്പ് ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിക്ക് വാട്സാപ്പ് വഴി അയച്ചു നൽകി പണം ആവശ്യപ്പെടുകയായിരുന്നു.
കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. കേസിൽ സാക്ഷിയായ കാവ്യാ മാധവൻ അടക്കമുള്ളവരെ അടുത്തയാഴ്ച കോടതി വിസ്തരിക്കും. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം വേണമെന്ന് വിചാരണക്കോടതി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ലോക്ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നുവെന്ന കാരണം പറഞ്ഞാണ് ജഡ്ജി ഹണി. എം. വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ നവംബറില്‍ കൂടുതല്‍ സമയം തേടി അപേക്ഷ നല്‍കിയപ്പോള്‍ 2021 ആഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വന്ന നടിയെ തടഞ്ഞുവെച്ച് ആക്രമിച്ചത്. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് എട്ടാം പ്രതിയാണ്. വിചാരണയുടെ അടുത്ത ഘട്ടത്തില്‍ ചലച്ചിത്രതാരങ്ങളുള്‍പ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കുന്നുണ്ട്.