കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്. ഓൺലൈൻ പരസ്യ വെബ്സൈറ്റിലൂടെ നടത്തുന്ന തട്ടിപ്പിനായി സിയാലിന്റെ വ്യാജ ലെറ്റർപ്പാഡും തട്ടിപ്പുസംഘം ഉപയോഗിക്കുന്നുണ്ട്. ജോലിക്ക് മുൻപുള്ള വൈദ്യപരിശോധനയുടെയടക്കം പേരുപറഞ്ഞ് നിരവധി പേരിൽ നിന്നാണ് സംഘം പണം തട്ടിയെടുത്തിരിക്കുന്നത്.
കൊച്ചി വിമാനത്താവളത്തിൽ ഡ്രൈവർ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന പേരിൽ ഓൺലൈൻ പരസ്യ വെബ്സൈറ്റിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. 30,000 രൂപ വരെ ശമ്പളമെന്ന വാഗ്ദാനത്തിൽ വീഴുന്നവർ ജോലിക്കായി അപേക്ഷിക്കും. ഇതോടെ യുവാക്കളടക്കമുള്ളവർ തട്ടിപ്പുകാരുടെ ചൂണ്ടയിൽ കുരുങ്ങും.
അപേക്ഷ നൽകി അധികം വൈകാതെ തന്നെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എച്ച്.ആർ. മാനേജർ എന്ന പേരിൽ വാട്ട്സാപ്പിൽ സന്ദേശമെത്തും. ജോലിക്കാവശ്യമായ രേഖകൾ ഇ-മെയിൽ വഴി അയക്കാൻ ആവശ്യപ്പെടും. തുടർന്ന് അപേക്ഷാ ഫീസ് ഇനത്തിൽ 1050 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും കാശ് ലഭിച്ചുകഴിഞ്ഞാൽ സിയാലിന്റെയും വിമാനത്താവള അതോറിറ്റിയുടെയും വ്യാജ ലെറ്റർപാഡിൽ, ജോലി ലഭിച്ചു എന്ന് അറിയിച്ചുകൊണ്ടുള്ള ഓഫർ ലെറ്റർ ഇ-മെയിൽ സന്ദേശമായി ലഭിക്കുകയും ചെയ്യും.
ഇതോടെ മിക്കവരും കെണിയിൽ അകപ്പെടും. എത്രയും വേഗം ജോലിയിൽ പ്രവേശിക്കണമെന്നും ഇതിനായി വൈദ്യപരിശോധനയ്ക്കും കോവിഡ് പരിശോധനയ്ക്കും മറ്റുമായി 3250 രൂപ ആവശ്യപ്പെടും. ഇതും വിശ്വസിച്ചു എന്ന് ബോധ്യപ്പെട്ടാൽ സംഘം ഒരു നിർദേശം കൂടി മുന്നോട്ടുവെക്കും. ജോലി ബോണ്ട് അടിസ്ഥാനത്തിലാണെന്നും ഇതിനായി 18,000 രൂപ കൂടി അടക്കണമെന്നും സന്ദേശമെത്തും.
ഇങ്ങനെ ഏകദേശം 22,000ൽ അധികം രൂപ നഷ്ടപ്പെട്ടപ്പോഴാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗാർത്ഥിക്ക് താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായത്. സാധാരണക്കാരന്റെ അറിവില്ലായ്മയാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്. കോവിഡ് കാലമായതിനാൽ നേരിട്ടുള്ള അഭിമുഖവും പരീക്ഷയുമൊന്നുമില്ലെന്ന് ഉദ്യോഗാർത്ഥികളെ പറഞ്ഞ് വിശ്വസിപ്പിക്കാനും തട്ടിപ്പ് സംഘത്തിന് സാധിക്കുന്നുണ്ട്. അപമാനം ഭയന്ന് പലരും ഇത് തുറന്നുപറയാൻ മടിക്കുന്നത് കാരണമാണ് ഇത്തരം സംഘങ്ങൾ സൈബർ ലോകത്ത് വിലസുന്നത്.
Content highlights: Online job scams claiming to offer jobs at kochi airport