തിരുവനന്തപുരം
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പുതിയ പ്രിൻസിപ്പൽമാരെ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി. കൊല്ലത്തെ പ്രിൻസിപ്പൽ എൻ റോയിയെ ഡയറക്ടർകാര്യാലയത്തിലെ സ്പെഷ്യൽ ഓഫീസർ തസ്തികയിൽ നിയമിച്ചു. പകരം ഇടുക്കിയിലെ പ്രിൻസിപ്പൽ എം എച്ച് അബ്ദുുൾ റഷീദ് കൊല്ലത്ത് പ്രിൻസിപ്പലായി. കോന്നിയിലെ ബയോകെമിസ്ട്രി പ്രൊഫസർ മിന്നി മേരി മാമ്മന് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നൽകി. കോഴിക്കോട്ടെ ബയോകെമിസ്ട്രി പ്രൊഫസർ എം സബൂറാ ബീഗം മഞ്ചേരിയിലും തിരുവനന്തപുരത്തെ പ്ലാസ്റ്റിക് സർജറി പ്രൊഫസർ കെ അജയകുമാർ കണ്ണൂരിലും പ്രിൻസിപ്പലായി.
തിരുവനന്തപുരത്തെ ഫാർമക്കോളജി പ്രൊഫസർ പി കല കേശവനെ എറണാകുളം, ഫോറൻസിക് മെഡിസിൻ പ്രൊഫസർ കെ ശശികല ആലപ്പുഴ, കോഴിക്കോട്ടെ പീഡിയാട്രിക് സർജറിവിഭാഗം പ്രൊഫസർ എസ് പ്രതാപ് തൃശൂർ, അനസ്തേഷ്യോളജി പ്രൊഫസർ കെ കെ മുബാറക് വയനാട് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽമാരായി നിയമിതരായി. വയനാട് മെഡിക്കൽ കോളേജിൽ ആദ്യമായാണ് പ്രിൻസിപ്പലിനെ നിയമിക്കുന്നത്. കോട്ടയം നെഫ്രോളജിവിഭാഗം പ്രൊഫസർ കെ പി ജയകുമാറിന് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം ലഭിച്ചു. മഞ്ചേരിയിലെ അനാട്ടമിവിഭാഗം പ്രൊഫസർ ബി ഷീലയെ ഇടുക്കിയിലെ പ്രിൻസിപ്പലായും നിയമിച്ചു.
3 ആശുപത്രിക്കുകൂടി ‘ഫുൾ എ പ്ലസ്’
സംസ്ഥാനത്തെ മൂന്ന് സർക്കാർ ആശുപത്രിക്കുകൂടി ദേശീയ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻക്യൂഎഎസ്) അംഗീകാരം. തിരുവനന്തപുരം കാട്ടാക്കട ന്യൂ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രം (സ്കോർ 96.40 ശതമാനം), കൊല്ലം ഉളിയക്കോവിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (93.5), വയനാട് മുണ്ടേരി കൽപ്പറ്റ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (91.92) എന്നിവയ്ക്കാണ് ബഹുമതി.
ഇതോടെ അംഗീകാരം നേടിയ ആശുപത്രികൾ 124 എണ്ണമായി. മൂന്ന് വർഷകാലാവധിയാണ് അംഗീകാരത്തിനുള്ളത്. പിഎച്ച്സികൾക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ വീതവും വാർഷിക ഇൻസെന്റീവ് ലഭിക്കും.
ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക കാലാവധി
നീട്ടാൻ ട്രിബ്യൂണൽ ഉത്തരവ്
ആഗസ്ത് നാലിന് അവസാനിക്കുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് റാങ്ക് പട്ടിക സെപ്തംബർ 29 വരെ നീട്ടാൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ്. ഉദ്യോഗാർഥികളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ട്രിബ്യൂണൽ ഉത്തരവ് ലഭിച്ചശേഷം നിയമവശം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പിഎസ്സി അറിയിച്ചു. ഇതേദിവസം അവസാനിക്കുന്ന വനിതാ കോൺസ്റ്റബിൾ റാങ്ക് പട്ടിക സംബന്ധിച്ച ഉദ്യോഗാർഥികളുടെ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. അതേസമയം, സെക്രട്ടറിയറ്റിനു മുന്നിൽ നടത്തുന്ന സമരം തുടരുമെന്ന് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അറിയിച്ചു.
ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് റാങ്ക് പട്ടികയിൽനിന്ന് 6984 പേർക്ക് നിയമനശുപാർശ അയച്ചുകഴിഞ്ഞു. ഇനി 486 പേർക്കുകൂടി നിയമനശുപാർശ ലഭിക്കും. വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ 702 പേർക്കാണ് നിയമനം ലഭിച്ചത്. റാങ്ക് പട്ടിക ദീർഘിപ്പിച്ച കാലയളവിൽ 206 പേർക്കും ശുപാർശ നൽകി.















