തിരുവനന്തപുരം
കെ എം മാണിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ച് അദ്ദേഹത്തെ നിരന്തരം അപമാനിക്കാനാണ് യുഡിഎഫ് നേതാക്കളും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന് ജോബ് മൈക്കിൾ (കേരള കോൺഗ്രസ് മാണി വിഭാഗം) പറഞ്ഞു. മാണിക്കെതിരായ കേസിന്റെ ഉത്തരവാദിത്തം കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കൾക്കാണെന്നും നിയമസഭയിൽ അദ്ദേഹം വ്യക്തമാക്കി.
മാണി ജീവിച്ചിരുന്നപ്പോൾ ഒരു ശാന്തിയും കൊടുത്തില്ല; മരിച്ചശേഷമെങ്കിലും ശാന്തി കൊടുക്കാൻ പ്രതിപക്ഷം തയ്യാറാകണം. പ്രതിപക്ഷം ആരോപിക്കുന്ന കറുത്ത വെള്ളിയാഴ്ചയുടെ ഉത്തരവാദി അന്നത്തെ യുഡിഎഫും കോൺഗ്രസുമാണ്. യുഡിഎഫിന്റെ നേതാക്കന്മാരുടെ രാഷ്ട്രീയ ഗൂഢാലോചന മൂലമാണ് മാണിയുടെ പേരിൽ കേസ് വന്നതെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് ബന്ധം അവസാനിപ്പിച്ചു. യുഡിഎഫ് വിടാൻ പാർടി തീരുമാനമെടുത്ത ചരൽക്കുന്നിലെ യോഗത്തിൽ പി ജെ ജോസഫും ഉണ്ടായിരുന്നു. കറുത്ത വെള്ളിയെ വെളുത്ത വെള്ളിയാക്കാനാണ് എൽഡിഎഫിനൊപ്പം സഹകരിക്കാൻ തീരുമാനിച്ചത്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ യുഡിഎഫിന്റെ അഞ്ച് പ്രബല നേതാക്കൾ മാണിയുടെ വീട്ടിലെത്തി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. മാണിയെ രാഷ്ട്രീയമായി ഇല്ലാതാക്കാനും പാർടിയെ നാമാവശേഷമാക്കാനുമുള്ള ശ്രമമായിരുന്നു ഈ കെട്ടിപ്പിടിത്തം. യുഡിഎഫിന്റെ വഞ്ചന കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞതായും ജോബ് മൈക്കിൾ പറഞ്ഞു.