കൊച്ചി
കൊച്ചി കപ്പൽശാലയിൽ നിർമാണം പൂർത്തിയാക്കിയ അഞ്ച് കപ്പലുകൾ ഒരുമിച്ച് നീറ്റിലിറക്കി. അതിർത്തി രക്ഷാസേനയ്ക്കായി (ബിഎസ്എഫ്) മൂന്ന് ഫ്ളോട്ടിങ് ബോർഡർ ഔട്പോസ്റ്റ് (എഫ്ബിഒപി) കപ്പലുകളും ജെഎസ്ഡബ്ല്യു ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സിനായി രണ്ട് മിനി ജനറൽ കാർഗോ കപ്പലുമാണ് നീറ്റിലിറക്കിയത്.
കപ്പൽശാല സിഎംഡി മധു എസ് നായരുടെ ഭാര്യയും എൻപിഒഎൽ ശാസ്ത്രജ്ഞയുമായ കെ റമീത നീറ്റിലിറക്കൽ ചടങ്ങ് നടത്തി. ബിഎസ്എഫ് ഡിഐജി മുകേഷ് ത്യാഗി, ടെക്നിക്കൽ ഡയറക്ടർ ബിജോയ് ഭാസ്കർ, ഫിനാൻസ് ഡയറക്ടർ വി ജെ ജോസ്, പ്രണബ് കെ ത്ധാ എന്നിവർ പങ്കെടുത്തു.
കോവിഡ് പ്രതിസന്ധിക്കിടയിലാണ് അഞ്ച് കപ്പലുകളുടെയും നിർമാണം പൂർത്തിയാക്കിയത്. അതിർത്തിയിലെ തന്ത്രപ്രധാനമായ ബേസ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്നതിനാൽ മൂന്ന് എഫ്ബിഒപികൾ പ്രധാനമാണെന്ന് മധു എസ് നായർ പറഞ്ഞു. കിഴക്ക്, പടിഞ്ഞാറൻ അന്താരാഷ്ട്ര അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫ് ജലവിഭാഗത്തെ ശക്തിപ്പെടുത്തുന്നതിൽ ഈ കപ്പലുകൾ സഹായിക്കുമെന്നും മുകേഷ് ത്യാഗി പറഞ്ഞു. 46 മീറ്റർ നീളമുള്ള കപ്പലിൽ നാല് അതിവേഗ പട്രോളിങ് ബോട്ടുകളെ ഉൾക്കൊള്ളാനാകും. സേനയ്ക്ക് ആവശ്യമായ പെട്രോളും ശുദ്ധജലവും നിറയ്ക്കാനും സംവിധാനമുണ്ട്.