കവളങ്ങാട്
ജില്ലയുടെ കിഴക്കൻ മേഖലയിൽ തെങ്ങുകൃഷി വ്യാപിക്കുന്നു. തേങ്ങയ്ക്ക് വില ഉയർന്നതും റബർ ഉൾപ്പെടെയുള്ള നാണ്യവിളകളുടെ വിലയിലെ അസ്ഥിരതയുമാണ് ഇതിനു കാരണം. കോതമംഗലത്തും സമീപതാലൂക്കുകളിലും നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽനിന്ന് കൃഷിഭവനുകൾ മുഖേന ആയിരത്തോളം തെങ്ങിൻതൈകൾ വിതരണം ചെയ്തു. കവളങ്ങാട് പഞ്ചായത്തിൽ മാത്രം 1350 തൈകളാണ് നൽകിയത്. കഴിഞ്ഞ വർഷത്തേതിനേക്കാൾ ഇരട്ടി തൈകളാണ് ഇത്തവണ നൽകുന്നത്. കൃഷിഭവനുകളിലെത്തിച്ച എല്ലാ തൈകളും വിറ്റുപോയി.
നേര്യമംഗലം ഫാമിൽനിന്ന് 25,000 തെങ്ങിൻ തൈകൾ ഈ വർഷം ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തെന്ന് ഫാം സൂപ്രണ്ട് സൂസൻ ലീ തോമസ് പറഞ്ഞു. കഴിഞ്ഞ വർഷം 5630 തൈകൾ മാത്രമാണ് നൽകിയത്. അടുത്ത വർഷം കുറ്റ്യാടി ഇനത്തിൽ പെട്ട 68,000 തെങ്ങിൻതൈകൾ നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിത്ത് തേങ്ങകൾ പാകുന്നതിനുള്ള പ്രാരംഭ നടപടികളും ഫാമിൽ തുടങ്ങി.
വാരപ്പെട്ടി സഹകരണ ബാങ്ക് ഉൽപ്പാദിപ്പിച്ച 10,000 കുറ്റ്യാടി തെങ്ങിൻ തൈകൾ മുഴുവൻ വിറ്റുപോയി. വെസ്റ്റ് കോസ്റ്റ് ടോൾ, ഡി ആൻഡ് ടി ഇനങ്ങളാണ് പ്രധാനമായും കൃഷിഭവൻ മുഖേന വിതരണം ചെയ്യുന്നത്. ഇതിന് 50 ശതമാനം സബ്സിഡിയുമുണ്ട്. മലയോരമേഖലയിൽ നേരത്തേ തെങ്ങുകൾ ധാരാളമുണ്ടായിരുന്നു. എന്നാൽ നാണ്യവിളകൾ എത്തിയതോടെ അവയ്ക്ക് കഷ്ടകാലമായി. ഇതിനൊപ്പം കീടബാധയും ഏറിയതോടെ കർഷകർ തെങ്ങിനെ കൈയൊഴിഞ്ഞു. 20 വർഷത്തിനുള്ളിൽ കോതമംഗലത്തും സമീപതാലൂക്കുകളിലും രണ്ടു ലക്ഷത്തിലേറെ തെങ്ങുകളാണ് നശിച്ചതെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. അഞ്ചേക്കറിലേറെ ഭൂമിയുള്ളവർക്കും സ്വന്തമായി ഒരു തെങ്ങില്ലാത്ത സ്ഥിതി വന്നു.
നാണ്യവിളകളുടെ വിലയിടിയുകയും വീട്ടാവശ്യത്തിനുള്ള തേങ്ങപോലും വിലകൊടുത്തു വാങ്ങേണ്ടിവരികയും ചെയ്തതോടെയാണ് കർഷകർ ‘തെങ്ങ് ചതിക്കില്ലെന്ന്’ ഓർത്തത്. ഇതോടെ കേരനിരകൾക്കായി അവർ മലഞ്ചെരിവുകൾ ഒരുക്കി. കൃഷി വ്യാപിക്കുന്നുണ്ടെങ്കിലും തെങ്ങുകയറാൻ തൊഴിലാളികളെ കിട്ടുന്നില്ലെന്ന ആശങ്ക കർഷകർക്കുണ്ട്.