ഗുവാഹത്തി
അസം –- മിസോറം അതിർത്തിയിൽ സ്ഥിതിഗതികൾ സാധാരണനിലയിലാകുന്നുവെന്ന് കച്ചാർ ജില്ലാ അധികൃതർ. അതിർത്തി മേഖലയായ ലൈലാപൂരിൽ കേന്ദ്രസേനയെ വിന്യസിച്ചു. പൊലീസ് അതത് സംസ്ഥാന അതിർത്തിയിൽ 100 മീറ്റർ ഉള്ളിലാണ് നിൽക്കുന്നത്. സംഘർഷമുണ്ടായ മേഖലകളിലേക്ക് പോകാൻ ആളുകൾക്ക് അനുവാദമില്ല. അസമിന്റെ സാമ്പത്തിക ഉപരോധത്തെ തുടർന്ന് ചിലയിടങ്ങളിൽ തർക്കമുണ്ടായെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ അധികൃതർ പറഞ്ഞു.
തർക്കപരിഹാരത്തിന് ഇരു സംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാരും പൊലീസ് മേധാവികളും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിൽ പൊലീസ് സേനകളെ പിൻവലിക്കാനും കേന്ദ്ര അർധ സൈനിക വിഭാഗത്തെ (സിഎപിഎഫ്) അതിർത്തിയിൽ നിയോഗിക്കാനും ധാരണയായിരുന്നു. തിങ്കളാഴ്ചയുണ്ടായ സംഘർഷത്തിൽ ആറ് പൊലീസുകാർ ഉൾപ്പെടെ ഏഴ് അസംകാരാണ് കൊല്ലപ്പെട്ടത്.
അസമിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കാൻ കേന്ദ്ര ഇടപെടൽ വേണമെന്ന് മിസോറം ആവശ്യപ്പെട്ടു. മിസോറമിലേക്കുള്ള ചരക്കുനീക്കമടക്കം നടക്കാത്തത് ജനജീവിതത്തെ സാരമായി ബാധിക്കുന്നതായി മിസോറം ആഭ്യന്തര സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിൽ അറിയിച്ചു.