ഇറ്റാലിയൻ ഭക്ഷണമായ ‘പാസ്ത ആല്യോ എ ഓള്യോ’ ആണ് ഗോയില തയ്യാറാക്കിയത്. ഒലിവ് ഓയിലും വെളുത്തുള്ളിയും പാസ്തയും ചേർത്തുണ്ടാക്കുന്ന വിഭവം ആണ് പാസ്ത ആല്യോ എ ഓള്യോ. പാസ്തയ്ക്ക് പകരം പപ്പടം. കാച്ചാതെ പപ്പടം നീളത്തിൽ അരിഞ്ഞ ശേഷം വെള്ളത്തിൽ പുഴുങ്ങിയെടുത്തു ഗോയില. എല്ലാ ചേരുവയും ചേർത്തിളക്കിയ ശേഷം അല്പം ചുവന്ന മുളക് ചതച്ചതും ചീസും ചേർത്തതോടെ തയ്യാർ. കഴിഞ്ഞു നോക്കിയ ഗോയില തന്റെ വിഭവം അതീവ രുചികരമാണ് എന്നും വിഡിയോയിൽ പറയുന്നുണ്ട്.
ഉരുളക്കിഴങ്ങിന്റെ ചിപ്സ് ഉപയോഗിച്ച് ആൾക്കാർ പാസ്തയുണ്ടാക്കുന്നത് കണ്ടതോടെയാണ് എന്തുകൊണ്ട് പപ്പടം വച്ച് ഒന്ന് പരീക്ഷിച്ചു നോക്കിക്കൂടാ എന്ന് ചിന്തിച്ചതായി ഗോയില ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുളമാവും എന്ന് വിചാരിച്ചാണ് തുടങ്ങിയത് എങ്കിലും യഥാർത്ഥത്തിൽ പാപ്പഡ് ആല്യോ എ ഓള്യോ ഏറെ രുചികരമാണ് എന്ന് ഗോയില പറയുന്നു. മാത്രമല്ല പാസ്തയേക്കാൾ വിലക്കുറവായതിനാൽ പപ്പടം കൊണ്ടുള്ള ഈ വിഭവം വലിയ ചിലവും ഇല്ലത്രേ.
ആരെങ്കിലും തന്റെ വീഡിയോ കണ്ട് പാസ്ത ആല്യോ എ ഓള്യോ തയ്യാറാക്കാൻ ഒരുങ്ങുന്നുണ്ടെങ്കിൽ ഒരു പൊടിക്കയ്യും ഗോയില പറഞ്ഞു തരുന്നുണ്ട്. പാസ്തയേക്കാൾ കനം കുറവാണ് പപ്പടത്തിന് അതുകൊണ്ട് തന്നെ ഒരുപാട് നേരം തിളപ്പിച്ചാൽ പപ്പടം അടർന്നു വീഴും.