തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് അടുത്ത മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. രണ്ടുമൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം. ആൾക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളിൽ ആളുകളുടെ എണ്ണം പരമാവധികുറയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നത്. പരമാവധി പേരെ പരിശോധന നടത്തി രോഗികളെ കണ്ടെത്തി അവരെ ക്വാറന്റൈനിലാക്കുകയും അവർക്ക് ചികിത്സ നൽകുകയും ചെയ്യുന്നു.ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പരിശോധനയാണ് നടന്നത്. 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 മാത്രമാണുള്ളത്. ഇന്ന് 1,63,098 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. പോസിറ്റീവായ ഒരാളെപ്പോലും വിട്ടുപോകാതിരിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ വകുപ്പുകളും വളരെ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ പൊതു സമൂഹം വളരെ പിന്തുണയാണ് നൽകുന്നതെന്നും മന്ത്രി കൂട്ടച്ചേർത്തു.
കോവിഡ് പ്രതിരോധം സംബന്ധിച്ച് കേരളം സ്വീകരിച്ചിട്ടുള്ള രീതികളെ ദേശീയതലത്തിൽ വിദഗ്ധർ നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ ഇതുവരെ സന്ദർശനം നടത്തിയ കേന്ദ്ര സംഘങ്ങൾ, ഏതാനുംആഴ്ചകൾ മുൻപ് സന്ദർശനം നടത്തിയവർ വരെ അത്തരം അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. രണ്ടാം തരംഗത്തിൽ കേരളത്തിലെ കോവിഡ് കേസുകൾ കൂടുമെന്നത് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണെന്നും അവർ പറഞ്ഞു.കേരളത്തിലെ കോവിഡ് വ്യാപനത്തെ കുറിച്ചുള്ള കേന്ദ്ര വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത് ഡെൽറ്റാ വൈറസാണ്. രണ്ടാം തരംഗത്തിൽ കുതിച്ചുയരാമായിരുന്ന ടി.പി.ആറിനെ വളരെ ദിവസം 10 ശതമാനത്തിൽ തന്നെ നിർത്തിയിരുന്നു. ഇപ്പോൾ ടി.പി. ആർ ചെറുതായി ഉയർന്നെങ്കിലും ആശങ്ക വേണ്ട. കേസിന്റെ കാര്യത്തിൽ ഏപ്രിൽ പകുതിയോടെയാണ് രണ്ടാം തരംഗം ഇവിടെ ആരംഭിച്ചത്.
മേയ് മാസത്തിലാണ് 43,000ലധികം രോഗികളുണ്ടായത്. ഏറ്റവും പുതിയ സിറോ സർവയലൻസ് സർവേയിൽ കേരളത്തിൽ 42 ശതമാനം പേർക്കാണ് ആന്റിബോഡി കണ്ടെത്തിയത്. ഇനിയും 50 ശതമാനത്തിലധികം പേർക്ക് രോഗം വരാൻ സാധ്യതയുണ്ട്. അവരെ സുരക്ഷിതമാക്കാൻ പരമാവധി പേർക്ക് വാക്സിൻ നൽകാൻ ശ്രമിക്കുകയാണ് കേരളം. ദേശീയ തലത്തിൽ ജനസംഖ്യയുടെ 10 ലക്ഷമെടുത്താൽ ഏറ്റവുമധികം വാക്സിൻ നൽകുന്ന സംസ്ഥാനത്തിലൊന്നാണ് കേരളം.
സംസ്ഥാനത്ത് ചികിത്സ കിട്ടാതെയും ഓക്സിജൻ കിട്ടാതേയും ആരും ബുദ്ധിമുട്ടിയിട്ടില്ല. രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഐ.സി.യു.വിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ്. കൂടുതൽ പേർ വാക്സിൻ എടുത്തതിനാൽ അവർ ഗുരുതരാവസ്ഥയിലേക്ക് പോകുന്നില്ല എന്നതാണ് കാണിക്കുന്നത്. കേന്ദ്ര സംഘം നാളെ വൈകുന്നേരം സംസ്ഥാനത്ത് വരുമെന്നറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: health Minister Veena George on kerala`s Covid situation