പാലക്കാട്> മണ്ണാര്ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില് കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തില് തീപിടുത്തം. ആറ് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര് ഉള്പ്പടെ 24 പേര്ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് 6 നാണ് സംഭവം. അമ്പലപ്പാറ തോട്കാട് മലയിലുള്ള കോഴി മാലിന്യ സംസ്കരണ പ്ലാന്റിലാണ് തീപിടുത്തം. തീ അണയ്ക്കാനെത്തിയ മണ്ണാര്ക്കാട് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര് രക്ഷാപ്രവര്ത്തനം നടക്കുന്നതിനിടെ വന് സ്ഫോടനമുണ്ടായി.
പ്ലാന്റിനകത്തെ ഓയില് ടാങ്കിന് തീപിടിച്ച് പൊട്ടിതെറിച്ചാണ് സ്ഫോടനമെന്ന് കരുതുന്നു.
ഇതോടെ ഫാക്ടറിക്കകത്തുള്ള ജീവനക്കാര്ക്കും ഉദ്യോഗസ്ഥര്ക്കും പൊള്ളലേറ്റു. പരിക്കേറ്റവരെ മണ്ണാര്ക്കാട്, പെരിന്തല്മണ്ണ എന്നിവിടങ്ങളിലെ ആശുപത്രികളില് പ്രവേശിപ്പിച്ചു. നാട്ടുകാര് ചേര്ന്നാണ് ആശുപത്രിയില് എത്തിച്ചത്.
മണ്ണാര്ക്കാട്, പെരിന്തല്മണ്ണ എന്നിവിടങ്ങളില് നിന്നെത്തിയ ഫയര് യൂണിറ്റുകള് രാത്രി വൈകിയാണ് തീയണച്ചത്.കോഴിമാലിന്യം സംസ്ക്കരിച്ച് ബയോഗ്യാസ് ഉല്പ്പാദിപ്പിക്കുന്ന പ്ലാന്റാണ്.