തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് പി.എസ്.സി റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം അംഗീകരിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. നിലവിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റ് സെപ്റ്റംബർ 29 വരെയാണ് നീട്ടിയത്. ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവും ട്രൈബ്യൂണൽ പുറത്തിറക്കി.
ഓഗസ്റ്റ് 4ന് കാലാവധി അവസാനിക്കുമെന്നും പിന്നീട് ഇത് നീട്ടില്ലെന്നും സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. ജൂണിൽ അവസാനിക്കേണ്ടിയിരുന്ന ലിസ്റ്റിന്റെ കാലാവധി ഉദ്യോഗാർഥികളുടെ സമരത്തെ തുടർന്ന് തിരഞ്ഞെടുപ്പിന് മുൻപ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് നാല് വരെ നീട്ടിയിരുന്നു.
എന്നാൽ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം അഡ്വൈസ് മെമ്മോ ലഭിക്കുകയോ നിയമനം നടക്കുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ചാണ് ഉദ്യാഗാർഥികൾ അഡ്മിന്സ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
ജൂണിൽ കാലാവധി ഓഗസ്റ്റ് 4 വരെ നീട്ടിയെങ്കിലും മൂന്ന് മാസം വരെ നീട്ടണം എന്ന മാനദണ്ഡം പാലിച്ചിട്ടില്ലെന്ന് കാണിച്ചാണ് ഉദ്യോഗാർഥികൾ ട്രൈബ്യൂണലിനെ സമീപിച്ചതും ഇപ്പോൾ അനുകൂല വിധി സമ്പാദിച്ചതും.
പരീക്ഷ നടത്തി ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പല റാങ്ക് ലിസ്റ്റുകളും നിലവിൽ വന്നത്. പി.എസ്.സിയുടെ പുതിയ പരിഷ്കാരമനുസരിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം അടിസ്ഥാന യോഗ്യതയുള്ള തസ്തികകൾക്ക് പരീക്ഷകൾ രണ്ടു ഘട്ടമായാണ് നടത്തുക.
അങ്ങനെയാണെങ്കിൽ ഓഗസ്റ്റ് നാലിന് റദ്ദാകുന്ന റാങ്ക് പട്ടികകൾക്ക് പകരം പുതിയ ലിസ്റ്റ് വരാൻ സമയം വേണ്ടിവരും. അത്രയും നാൾ അപ്രഖ്യാപിത നിയമന നിരോധനമാണ് സംസ്ഥാനത്ത് സംജാതമാകുന്നതെന്ന് പ്രതിഷേധത്തിലുള്ള ഉദ്യോഗാർഥികൾ ചൂണ്ടിക്കാണിച്ചിരുന്നു.
Content Highlights: validity of LGS rank list extended to September 29th