കൊച്ചി > നിയമസഭയില് 2015ലുണ്ടായ പ്രതിഷേധം സംബന്ധിച്ച സുപ്രീംകോടതി പരാമര്ശത്തിന്റെ പേരില് മന്ത്രി വി ശിവന്കുട്ടി രാജിവെക്കണം എന്ന് യുഡിഎഫ് ആവശ്യപ്പെടുന്നത് സ്വന്തം ചരിത്രം മറന്നുകൊണ്ട്. ശിവന്കുട്ടി ഉള്പ്പെടെയുള്ളവര് വിചാരണ നേരിടണം എന്ന് കോടതി പരാമര്ശിച്ചതിനാല് മന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല് മുന്പും യുഡിഎഫിന്റേത് ഉള്പ്പെടെ നിരവധി നേതാക്കള് മന്ത്രിയായിരിക്കെ തന്നെ വിവിധ കേസുകളില് വിചാരണ നേരിട്ടിട്ടുണ്ട്.
2013 മാര്ച്ച് 18ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്ചാണ്ടിയോട് മന്ത്രിസഭയിലെ എത്ര അംഗങ്ങള് ഏതെല്ലാം കേസുകളില് വിചാരണ നേരിടുന്നുവെന്ന് സി ദിവാകരന് നിയമസഭയില് ചോദ്യം ഉന്നയിച്ചിരുന്നു. എക്സൈസ് മന്ത്രിയായിരുന്ന കെ ബാബു, സഹകരണ മന്ത്രിയായിരുന്ന സി എന് ബാലകൃഷ്ണന്, റവന്യു മന്ത്രിയായിരുന്ന അടൂര് പ്രകാശ് എന്നിവര് വിചാരണ നേരിടുന്നുവെന്നാണ് അന്ന് ഉമ്മന്ചാണ്ടി നല്കിയ മറുപടി. കെ ബാബു ഹൈവേ പൊലീസിന്റെ കൃത്യനിര്വഹണം തടസ്സപ്പെടുത്തിയ കേസിലും, സി എന് ബാലകൃഷ്ണന് പോളിങ് ദിവസം തെരഞ്ഞെടുപ്പ് ചട്ടങ്ങള് ലംഘിച്ച കേസിലുമാണ് വിചാരണ നേരിട്ടിരുന്നത്. ഭക്ഷ്യ സിവില് സപ്ലൈസ് മന്ത്രിയായിരിക്കെ അനര്ഹനായ ആള്ക്ക് റേഷന് മൊത്തവ്യാപാര ലൈസന്സ് നല്കിയെന്ന കേസിലാണ് അടൂര് പ്രകാശ് വിചാണ നേരിട്ടിരുന്നതെന്നും ഉമ്മന്ചാണ്ടിയുടെ മറുപടിയില് പറയുന്നുണ്ട്. മൂന്ന് മന്ത്രിമാര്ക്കുമെതിരായ കേസ് നമ്പരുകളും സി ദിവാകരനുള്ള മറുപടിയില് ഉമ്മന്ചാണ്ടി വെളിപ്പെടുത്തിയിരുന്നു.
മന്ത്രിയായിരിക്കെ വിചാരണ നേരിടുന്നവര് രാജിവെക്കണമെന്നാണ് യുഡിഎഫ് ഇപ്പോള് ഉയര്ത്തുന്ന വാദം. ശിവന്കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില് അടിയന്തരപ്രമേയം അവതരിപ്പിച്ചതും ഈ വാദം നിരത്തിക്കൊണ്ടായിരുന്നു. ഇതേ ന്യായം തങ്ങളുടെ മുന്കാല ചരിത്രത്തിന് ബാധകമല്ലേയെന്നാണ യുഡിഎഫ് നേരിടുന്ന ചോദ്യം.