കൊച്ചി > ട്വന്റി – ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകൾക്ക് തുടർ പൊലീസ് സംരക്ഷണം വേണം എന്ന ഹർജികളിലെ ആവശ്യം ഹൈക്കോടതി നിരസിച്ചു. മഴുവന്നൂർ, കുന്നത്തുനാട് ഐക്കരനാട് പഞ്ചായത്തുകളിലെ ട്വന്റി – ട്വന്റി നേതൃത്വത്തിലുള്ള പഞ്ചായത്ത് പ്രസിഡന്റുമാരാണ് തങ്ങളുടെ ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൊലീസ് സംരക്ഷണം എന്ന ആവശ്യമുയർത്തി ഹൈക്കോടതിയെ സമീപിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് / പഞ്ചായത്ത് മെമ്പർന്മാർക്ക് പൊലീസ് സംരക്ഷണം, പഞ്ചായത്ത് കമ്മിറ്റികൾ യോഗം ചേരാൻ പൊലീസ് സംരക്ഷണം, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റികൾ, പ്ലാനിംഗ് കമ്മിറ്റികൾ, വർക്കിംഗ് ഗ്രൂപ്പുകൾ എന്നിവക്കും ഗ്രാമസഭ യോഗങ്ങൾ ചേരാനും തുടർ പോലിസ് സംരക്ഷണം എന്നിവ ആവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റ്മാർ ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ഉത്തരവുകൾ നേടിയിരുന്നത്. തങ്ങളുടെ ജീവന് ഭീക്ഷണിയുണ്ടെന്നും പഞ്ചായത്തുകളുടെ സംരക്ഷണത്തിനായുള്ള ഇടക്കാല ഉത്തരവ് സംപൂർണ്ണമാക്കണമെന്നും എന്നും പഞ്ചായത്ത് പ്രസിഡന്റ്ന്മാർ ആവശ്യപ്പെട്ടു.
എന്നാൽ പഞ്ചായത്തുകളുടെ ഭരണ കാലാവധി 5 വർഷമാണെന്നും പഞ്ചായത്തുകൾക്ക് ഭരണകാലാവധി മുഴുവൻ സംരക്ഷണം നൽകാൻ വേണ്ട യാതൊരു വിധ നിയമ പ്രശ്നങ്ങളും പഞ്ചായത്തുകളിൽ ഇല്ലാ എന്നും കേസിലെ എതിർകക്ഷികൾ ആയ പ്രതിപക്ഷ പാർട്ടികൾ വാദിച്ചു. പഞ്ചായത്തുകൾക്ക് മുന്നിൽ ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ആണ് പ്രതിപക്ഷം നടത്തിയത് എന്നും അവ സമാധനപരമായിരുന്നുവെന്നും ജനാധിപത്യ പ്രതിഷേധങ്ങൾ തുടരാൻ അനുവദിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ അവശ്യപ്പെട്ടു.
പഞ്ചായത്തുകാർക്ക് തുടർ സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയിൽ നിയമ പ്രശ്നങ്ങൾ ഉണ്ടായാൽ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും പഞ്ചായത്തിന്റെ യോഗങ്ങളുടെ തിയതികൾ എഴുതി അപേക്ഷ നൽകാമെന്നും അങ്ങനെ പരാതി ലഭിക്കുകയാണെങ്കിൽ പൊലീസ് ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. പ്രതിപക്ഷ പാർട്ടികൾക്കും പ്രവർത്തകർക്കും പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ അധികാരമുണ്ടെന്നും അവ നിയമപരമായി തുടരാമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. പ്രതിപക്ഷാംഗങ്ങൾക്കു വേണ്ടി അഡ്വ. കെ എസ് അരുൺകുമാർ ഹാജരായി.