കൊച്ചി: മുട്ടിൽ മരംമുറി കേസിൽ അറസ്റ്റിലായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സുൽത്താൻബത്തേരി ജുഷീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. അതേ സമയം മാതാവിന്റെ സംസ്കാരച്ചടങ്ങിൽ പോലീസിന്റെ സാന്നിധ്യം പാടില്ലെന്ന് ആവശ്യപ്പെട്ട് പ്രതികൾ കോടതിൽ പോലിസിനോട് കയർത്തു. തുടർന്ന് പോലീസ് പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.
കോടതി റിമാൻഡ് ചെയതതോടെ പ്രതികളെ പോലീസ് സുരക്ഷയോടെ മാത്രമേ സംസ്കാരച്ചടങ്ങിലേക്ക് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. എന്നാൽ പോലീസിന്റെ സാന്നിധ്യമില്ലാതെ മാതാവിന്റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ കോടതിയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. ഇതോടെയാണ് പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോകാൻ പോലീസ് തീരുമാനിച്ചത്.
റിമാൻഡ് ചെയ്ത പ്രതികളെ സുരക്ഷ ഒഴിവാക്കി അവരുടെ ആവശ്യപ്രകാരം ചടങ്ങിന് കൊണ്ടുപോകാൻ സാധിക്കില്ലെന്നും പ്രതികൾ പിടിവാശി കാണിച്ചതുകൊണ്ടാണ് ഇവരെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നത് എന്നുമാണ് ഇക്കാര്യത്തിൽ പോലീസ് നൽകുന്ന വിവരം. പോലീസ് കാവലിൽ സംസ്ക്കാര ചടങ്ങിൽ പ്രതികളെ പങ്കെടുപ്പിക്കാമെന്നാണ് ഹൈക്കോടതിയിലും പോലീസ് പറഞ്ഞത്.
അതേസമയം തങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രതികൾ ആരോപിച്ചു. രണ്ടരക്ക് അറസ്റ്റ് ചെയ്ത ശേഷം ഒന്നരക്ക് അറസ്റ്റ് ചെയ്തുവെന്നാണ് കോടതിയിൽ പറഞ്ഞത്. കൊണ്ടു പോകും വഴി തങ്ങളെ എൻകൗണ്ടർ ചെയ്യുമെന്ന് സംശയിക്കുന്നുവെന്നും പ്രതികൾ ആരോപിച്ചു. എന്നാൽ പോലീസ് ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു.
Content Highlights: muttil tree felling case, accused are remanded