കൊച്ചി
ലക്ഷദ്വീപിൽ നടപ്പാക്കാനൊരുങ്ങുന്ന പരിഷ്കാരങ്ങളുടെ കരടുനിയമത്തിനെതിരെ ലോക്സഭാംഗം മുഹമ്മദ് ഫൈസലും മറ്റു രാഷ്ട്രീയനേതാക്കളും സമർപ്പിച്ച പൊതുതാൽപ്പര്യഹർജിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. കേസിൽ അന്തിമവാദത്തിനിടെയാണ് കോടതിയുടെ വാക്കാൽ പരാമർശം. ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് കേസ് വിധിപറയാൻ മാറ്റി. കരടുനിയമത്തിലെ വ്യവസ്ഥകൾക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അഡ്മിനിസ്ട്രേറ്റർവഴി നിർദേശങ്ങൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.
ഹർജിയിലെ ആവശ്യങ്ങൾ ഈ ഘട്ടത്തിൽ അനുവദിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമം നിലവിൽ വന്നുകഴിഞ്ഞാലേ കോടതിക്ക് പരിശോധിക്കാനാകൂ എന്നും കരടിൽ അഭിപ്രായം നൽകാൻ മതിയായ അവസരം കൊടുത്തില്ലെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും സത്യവാങ്മൂലത്തിൽ അധികൃതർ വ്യക്തമാക്കി.