തിരുവനന്തപുരം
മുണ്ട് മുറുക്കിയുടുത്തും വിയർപ്പൊഴുക്കിയും മലയാളി സ്വരൂക്കൂട്ടിയ സഹകരണമേഖലയിലെ രണ്ടുലക്ഷം കോടിയോളം രൂപയുടെ നിക്ഷേപം സ്വകാര്യ, കോർപറേറ്റ് സ്ഥാപനങ്ങളുടെ കീശയിലെത്തിക്കാൻ ക്വട്ടേഷനുമായി ചില മാധ്യമങ്ങൾ. സഹകരണരംഗത്തിന്റെ കൂട്ടക്കുരുതി ലക്ഷ്യമിട്ടുള്ളതാണ് ‘പാവങ്ങളെ പറ്റിച്ച് പാർടി സഹകരണം’ എന്നപേരിലുള്ള മനോരമയുടെ മുഖപ്രസംഗം. 23,000 ലേറെ സഹകരണസ്ഥാപനങ്ങളുള്ള സംസ്ഥാനത്ത് ഒന്നോ രണ്ടോ എണ്ണത്തിലെ ക്രമക്കേടിന്റെ പേരിലാണ് സിപിഐ എമ്മിനെതിരെ ആക്ഷേപവുമായി ഇറങ്ങിയത്.
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് ഉയർത്തിക്കാട്ടിയാണ് ക്വട്ടേഷൻ. പാർടി സംവിധാനത്തിന്റെയും സർക്കാരിന്റെയും പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. തിരിമറി പുറത്തുവന്നയുടൻ ശക്തവും മാതൃകാപരവുമായ നടപടി സർക്കാരും സിപിഐ എമ്മും സ്വീകരിച്ചു. കൊള്ളപ്പലിശക്കാരുടെ ചൂഷണത്തിൽനിന്ന് രക്ഷപ്പെടാൻ മലയാളി രൂപപ്പെടുത്തിയെടുത്തതാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം. പൊതുമേഖലാ ബാങ്കുകൾക്ക് വെല്ലുവിളി ഉയർത്താൻ സഹകരണമേഖലയെ പരിപോഷിപ്പിച്ചതിനുപിന്നിൽ സിപിഐ എം അടക്കമുള്ള പ്രസ്ഥാനങ്ങളാണ്. ബാങ്ക് തട്ടിപ്പിന്റെ പാരമ്പര്യംപേറുന്ന ചില മാധ്യമങ്ങൾക്ക് അത് രസക്കേടാകുക സ്വാഭാവികം.
ഏതാനും സ്ഥാപനത്തിലെ പ്രശ്നം പെരുപ്പിച്ച് നിക്ഷേപകരിൽ ഭീതി ജനിപ്പിക്കുകയാണ്. സ്വകാര്യ ന്യൂജെൻ ബാങ്കുകൾക്ക് വഴിയൊരുക്കുകയാണ് ഇവർ. വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ നടന്ന കോടികളുടെ തട്ടിപ്പ് പുറത്തുവരുന്നുണ്ട്. ബാങ്കിനെ പറ്റിച്ച് കടന്നവരെക്കുറിച്ച് മനോരമ പരമ്പരയോ മുഖപ്രസംഗമോ എഴുതിയില്ല. വായ്പാ തട്ടിപ്പുകൾക്ക് എസ്ബിഐ, ഐസിഐസിഐ, ഫെഡറൽ ബാങ്ക് മോഡൽ തട്ടിപ്പ് എന്ന് വിശേഷിപ്പിക്കാറുമില്ല.