ഇസ്ലാമാബാദ്
അഫ്ഗാനിസ്ഥാനിലെ സ്ഥിതി വഷളാക്കിയത് യുഎസ് ആണെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ഏകമാര്‍ഗം രാഷ്ട്രീയ ഒത്തുതീര്പ്പ് മാത്രമാണെന്നും അമേരിക്കന് വാര്ത്താപരിപാടിയില് ഇമ്രാന് ഖാന് പറഞ്ഞു. അമേരിക്കയിലെ സെപ്തംബര് 11 ഭീകരാക്രമണത്തിനു പിന്നില് പ്രവര്ത്തിച്ച അല്ഖ്വയ്ദ സംഘത്തെയും നേതാവായ ഉസാമ ബിന് ലാദനെയും വിട്ടുനല്കാത്തതിനെ തുടര്ന്നാണ് 2001ല് അമേരിക്ക അഫ്ഗാനില്‍ അധിനിവേശം ആരംഭിച്ചത്. അക്കാലംമുതല് സൈനിക പരിഹാരത്തിനു മാത്രമാണ് അമേരിക്ക ശ്രമിച്ചത്. ഒരിക്കലും ഫലം കാണാന് സാധ്യതയില്ലാത്ത ഈ നയത്തെ എതിര്ക്കുന്നവരെല്ലാം അവര് താലിബാന് അനുകൂലികളാമാക്കി ചിത്രീകരിക്കുകയാണെന്നും ഇമ്രാന് കുറ്റപ്പെടുത്തി.
അഫ്ഗാനില്‍ തെരഞ്ഞെടുത്ത വഴി തെറ്റാണെന്ന് മനസ്സിലാക്കാന് അമേരിക്ക വൈകിപ്പോയി. വളരെ മുമ്പേ രാഷ്ട്രീയ പരിഹാരത്തിനായി ശ്രമിക്കേണ്ടതായിരുന്നു. അമേരിക്ക താലിബാനുമായി ഒപ്പുവച്ച ധാരണയനുസരിച്ച് ആഗസ്ത് 31ഓടെ യുഎസ്, നാറ്റോ സേനകള് പൂര്ണമായും രാജ്യം വിടും. തങ്ങള് ജയിച്ചെന്ന തോന്നലാണ് താലിബാന് ഉണ്ടായിരിക്കുന്നത്. അതിന്റെ ഭാഗമായാണ് രാജ്യത്തുടനീളം ഭരണം പിടിച്ചെടുക്കാന് അവര് നടത്തുന്ന ശ്രമങ്ങൾ. ഇനിയൊരു ഒത്തുതീര്പ്പ് ഏറെ ശ്രമകരമായിരിക്കുമെന്നും ഇമ്രാന് പറഞ്ഞു.
താലിബാന് നേതാവ് ചൈനീസ്
വിദേശമന്ത്രിയെ കണ്ടു
താലിബാന് നേതാവ് മുല്ല അബ്ദുൽഗനി ബറാദറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘം ചൈനീസ് വിദേശമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനെ മറ്റു രാജ്യങ്ങളുടെ സുരക്ഷയ്ക്കെതിരായി ഉപയോഗിക്കില്ലെന്നും മറ്റൊരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളില് അഫ്ഗാനിസ്ഥാന് ഇടപെടില്ലെന്നും രാജ്യത്ത് തീവ്രവാദപരിശീലന ക്യാമ്പ് തുറക്കാന് സമ്മതിക്കില്ലെന്നും താലിബാന് ചൈനയ്ക്ക് ഉറപ്പുനല്കി. കോവിഡ് കാലത്തുള്പ്പെടെ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്ക്ക് പിന്തുണ നല്കിയതിന് മുല്ല ബറാദാര് ചൈനയെ അഭിനന്ദിച്ചു.