മലപ്പുറം > വയനാട് മുട്ടിൽ മരംമുറി കേസിൽ പ്രതികളായ മുട്ടിൽ വാഴവറ്റയിൽ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർ അറസ്റ്റിൽ. ഒളിവിൽ കഴിയുകയായിരുന്ന ഇവർ അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വയനാട്ടിലേക്ക് പൊകുന്നതിനിടയിൽ കുറ്റിപ്പുറം പാലത്തിന് സമീപം തിരൂർ ഡിഎൈസ്പി കെ എ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ വാഹനം തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃശൂർ ക്രൈംബ്രാഞ്ച് സംഘം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്ുന അറസ്റ്റ്. പ്രതികളെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി.
മുട്ടിൽ മരംമുറി കേസിലെ പ്രധാന പ്രതികളാണ് അറസ്റ്റിലായ മൂന്ന് പേർ. പൊലീസ് കേസെടുത്തതോടെ ഇവർ ഒളിവിൽ പോവുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും ഹൈക്കോടതി തള്ളി. ബുധനാഴ്ച പുലർച്ചെ ഇവരുടെ അമ്മ മരിച്ചു. സംസ്കാര ചടങ്ങുകൾ കഴിയുന്നതുവരെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിക്കുന്നതിനിടയിലാണ് പ്രതികൾ അറസ്റ്റിലായത്. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് പൊലീസ് കോടതിയിൽ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച പകൽ 11.30നാണ് സംസ്കാരം.