തിരുവന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധി തന്റെ നിലപാടുകൾക്കുളള അംഗീകാരമെന്ന് കേസിലെ മുൻ സർക്കാർ അഭിഭാഷക ബീന സതീഷ്. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷയെ പിന്തുണയ്ക്കാത്തതിനെ തുടർന്ന് തനിക്ക് നേരിടേണ്ടി വന്നത് കടുത്ത എതിർപ്പുകളാണെന്ന് അവർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
സർക്കാരിന്റെ ഭാഗത്തുനിന്നും സിപിഎം അനുകൂലികളായ ചില സഹപ്രവർത്തകരിൽനിന്നും കടുത്ത എതിർപ്പുകളും ഒറ്റപ്പെടുത്തലുകളുമാണ് അഭിമുഖീകരിച്ചത്. സമ്മർദ്ദങ്ങളെ തുടർന്നുണ്ടായ മാനസിക സംഘർഷങ്ങളെ തുടർന്ന് ചികിത്സ തേടേണ്ടി വന്നുവെന്നും അവർ പറഞ്ഞു.
“സർക്കാരിന്റെ അപേക്ഷയെ പിന്തുണയ്ക്കാത്തതിനെ തുടർന്ന് ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. ശുചിമുറി പോലുമില്ലാത്ത ഓഫീസിലേക്കാണ് വനിതയെന്ന പരിഗണന പോലും തരാതെ സ്ഥലം മാറ്റിയത്. 21 വർഷത്തെ സർവീസിനിടെ ഒരു മെമ്മോ പോലും സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടാക്കാത്ത ആളായിരുന്നു ഞാൻ. അങ്ങനെയുള്ളപ്പോളാണ് ഒരു കേസിന്റെ ഭാഗമായി സ്ഥലം മാറ്റുന്നത്. അതെന്റെ സർവീസ് ജീവിതത്തിൽ ആദ്യത്തെ സംഭവമാണ്.
“എന്റെ നിലപാടുകൾക്ക് നിയമം അറിയുന്നവർ മുഴുവൻ പിന്തുണ നൽകി. വഞ്ചിയൂർ കോടതി മുതൽ സുപ്രീം കോടതി വരെ എന്റെ നിലപാടുകൾ അംഗീകരിച്ചതിൽ സംതൃപ്തിയുണ്ട്. എറണാകുളം എ.സി.ജെ.എം. കോടതിയിൽ അവിടുത്തെ പ്രോസിക്യൂട്ടറാണ് കേസ് ഫയൽ ചെയ്തത്. അത് പിന്നീട് വഞ്ചിയൂർ സി.ജെ.എമ്മിലേക്ക് ട്രാൻസ്ഫർ ചെയ്തു. അപ്പോൾ പ്രതിഭാഗം അഭിഭാഷകൻ എന്ന പേരിൽ രാജഗോപാൽ എന്നയാൾ രംഗത്ത് വന്നു. എന്നാൽ, പ്രതിക്ക് കോടതിയിൽ ഈ വിഷയത്തിൽ വാദം പറയാനുള്ള അവകാശമില്ലെന്ന നിലപാടാണ് ഞാൻ സ്വീകരിച്ചത്. കോടതി അത് അംഗീകരിക്കുകയും ചെയ്തു. ബീന സതീഷ് പറഞ്ഞു.
നിരവധി വർഷം പ്രോസിക്യൂട്ടറായിരുന്ന രാജഗോപാൽ തന്നെ പലതവണ ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു. സർക്കാർ നിലപാട് ശരിയല്ലാതിരുന്നതുകൊണ്ടാണ് കൂടെ നിൽക്കാതിരുന്നതെന്നും ബീന വ്യക്തമാക്കി.
Content Highlights:Former government lawyer Beena Satheesh reacts over Supreme Court verdict