തിരുവനന്തപുരം
സംസ്ഥാനത്തെ സർവകലാശാലകളിൽ നിലവിലുള്ള വിദൂര വിദ്യാഭ്യാസം തുടരാൻ അനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. ഓപ്പൺ യൂണിവേഴ്സിറ്റി നിയമത്തിന്റെ 63––ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിദൂര വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുംവരെ, വിദ്യാർഥികൾക്ക് അവസരം നിഷേധിക്കപ്പെടാതിരിക്കാനാണിത്. ഇതിന് നിയമോപദേശവും തേടിയിരുന്നതായി ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി. സർവകലാശാലകൾ ഒക്ടോബറിലാണ് വിദൂര കോഴ്സുകളിൽ പ്രവേശന നടപടി ആരംഭിക്കുന്നത്. ഓപ്പൺ സർവകലാശാലയിൽ 20 അണ്ടർ ഗ്രാജ്വേറ്റ് കോഴ്സും ഒമ്പത് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സും തുടങ്ങാനാണ് തയ്യാറെടുപ്പ്. ഓരോ കോഴ്സിനും ഡിസ്റ്റൻഡ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരം വേണം. എല്ലാ കോഴ്സിന്റെയും പഠനവസ്തു തയ്യാറാക്കൽ അവസാനഘട്ടത്തിലാണ്. അക്കാദമിക്, ഭരണതലത്തിൽ കൂടുതൽ അടിസ്ഥാന സൗകര്യവുമൊരുക്കുന്നു. നിലവിലെ ക്യാമ്പസിനുപുറമെ, പടിഞ്ഞാറേ കൊല്ലം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ കേന്ദ്രീയ വിദ്യാലയം പ്രവർത്തിച്ചിരുന്ന ഭാഗം സർവകലാശാലാ പ്രവർത്തനത്തിന് വിട്ടുനൽകി. അധ്യാപക–-അനധ്യാപക തസ്തികകൾ സൃഷ്ടിക്കൽ പൂർത്തിയാകുന്നു. സർവകലാശാല നാല് മേഖലാ കേന്ദ്രം തുറക്കും. അപേക്ഷകരുടെ എണ്ണവും ഭൗതികസൗകര്യങ്ങളും പരിഗണിച്ചായിരിക്കും തീരുമാനം. പുതിയ സർക്കാർ കോളേജുകൾ ആരംഭിക്കാൻ നയ തീരുമാനം ഉണ്ടാകണം. സർവകലാശാലകളിൽനിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ തനത് ഫണ്ടിൽനിന്ന് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലെക്സിക്കൻ മേധാവി
നിയമനം നിയമപരം
കേരള സർവകലാശാലയിലെ മലയാളം ലെക്സിക്കൻ മേധാവിയുടെ നിയമനം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. ഇത് ഓർഡിനൻസിന് വിരുദ്ധമല്ല. സ്ഥിരനിയമനം വേഗത്തിലാക്കാൻ പിഎസ്സിയെ സമീപിച്ചിരുന്നു. കൺസൾട്ടേഷൻ റൂൾ തയ്യാറാക്കിയതിനാൽ സ്ഥിരനിയമനം വൈകുമെന്ന് പിഎസ്സി അറിയിച്ചു. അതിനാലാണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.