കോട്ടയം: കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നതിനെ പ്രോത്സാഹിപ്പിച്ചും അത്തരം കുടുംബങ്ങൾക്ക് വലിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചും സീറോ മലബാർ സഭയുടെസഭയുടെ കീഴിലുള്ള പാലാ രൂപത. കുടുംബവർഷം 2021 ആചരണത്തോട് അനുബന്ധിച്ച് ഇന്നലെ നടന്ന ഓൺലൈൻ യോഗത്തിലാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഇക്കാര്യം പ്രഖ്യാപിച്ചത്.
രണ്ടായിരത്തിനു ശേഷം വിവാഹിതരായ, അഞ്ചു കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിന് പാലാ രൂപത ഫാമിലി അപോസ്തലേറ്റ് വഴി പ്രതിമാസം 1,500 രൂപ സാമ്പത്തിക സഹായം, ഒരു കുടുംബത്തിൽ നാലാമതായും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലായിലെ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ സ്കോളർഷിപ്പോടെ പഠനം, ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങൾ പാലായിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യമായി നൽകും എന്നിങ്ങനെയാണ് കുടുംബവർഷം 2021-ന്റെ ലഘുലേഖയിൽ പറഞ്ഞിരിക്കുന്നത്.
തീരുമാനം ക്രൈസ്തവ തത്വങ്ങൾ അനുസരിച്ച് എടുത്തതാണെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. നൂറുശതമാനവും ഞാൻ പറഞ്ഞ കാര്യമാണത്. ക്രിസ്ത്യൻ തത്വത്തിന്റെ പേരിൽ പറയുന്ന കാര്യമാണിത്. അതേ ഉദ്ദേശിച്ചിട്ടുള്ളൂ. അതിൽ ഞാൻ സർക്കുലർ ഇറക്കും. ഞാൻ പറഞ്ഞത് തന്നെയാണ്. അണുവിട അതിൽനിന്ന് ഞാൻ പിറകോട്ട് പോവില്ല. എന്റെ സ്റ്റാൻഡ് ആണിത്- ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
content highlights: syro malabar palai diocese offers monetary and other assistance to encourage more children