തിരുവനന്തപുരം > കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് പ്രാദേശിക സര്ക്കാരുകളുടെയും വികസന അതോറിറ്റികളുടെയും അധീനതയിലുള്ള, അടച്ചിടാന് നിര്ബന്ധിതമായ മാര്ക്കറ്റുകള്, ഗേറ്റുകള്, ജംഗാറുകള്, ബസ് സ്റ്റാന്ഡുകള് എന്നിവയ്ക്ക് ഏര്പ്പെടുത്തിയ ഫീസില്, കാലയളവിന് ആനുപാതികമായി കുറവുവരുത്തുമെന്ന് തദ്ദേശസ്വയം ഭരണ, ഗ്രാമവികസന, എക്സൈസ് മന്ത്രി എം വി ഗോവിന്ദന് അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വികസന അതോറിറ്റികളും ലേല പ്രക്രിയയിലൂടെ വിട്ടുനല്കിയതും ലോക്ഡൗണ് ഏര്പ്പെടുത്തിയതിനെ തുടര്ന്ന് 2020– 21 സാമ്പത്തിക വര്ഷത്തില് താല്ക്കാലികമായ അടച്ചിട്ടവയ്ക്കാണ് ഗേറ്റ് ഫീസ്, മാര്ക്കറ്റ് ഫീസ്, ജംഗാര് ഫീസ്, ബസ് സ്റ്റാന്ഡ് ഫീസ്, തോണി കടത്ത് ഫീസ് തുടങ്ങിയവയില് അടച്ചിട്ട കാലയളവിന് ആനുപാതികമായി കിഴിവ് നല്കുന്നത്. 1998ലെ കേരള പഞ്ചായത്ത് രാജ് ചട്ടത്തിലെ കരാറുകാര്ക്കും പാട്ടക്കാര്ക്കും കിഴിവ് അനുവദിക്കല് വ്യവസ്ഥ പ്രകാരവും 98ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ പാട്ടക്കാര്ക്കും ലൈസന്സികള്ക്കും കരാറുകാര്ക്കും കിസ്തിളവ് അനുവദിക്കല് വ്യവസ്ഥ പ്രകാരവുമാണ് ഇളവ് അനുവദിക്കുന്നതെന്നും അതിനുവേണ്ടി സര്ക്കാര് ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തില് സര്ക്കാര് എല്ലാവിഭാഗം ജനങ്ങളുടെയും ആകുലതകള് തുടച്ചുമാറ്റാന് പരിശ്രമിക്കുന്നിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള തീരുമാനങ്ങളള് കൈക്കൊള്ളുന്നതെന്ന് മന്ത്രി കൂട്ടിചേര്ത്തു.