വെള്ളൂർ: കോട്ടയം വെള്ളൂർ സർവ്വീസ് സഹകരണ ബാങ്കിലും വൻ തട്ടിപ്പ്. വായ്പ എടുത്തവരറിയാതെ ഈടിൻമേൽ വായ്പകൾ അനുവദിച്ചും, വ്യാജ രേഖ ചമച്ചും സോഫ്ട്വെയറിൽ ക്രമക്കേട് നടത്തിയും വെട്ടിച്ചത് 44 കോടിയോളം രൂപ. എന്നാൽ തട്ടിപ്പ് കണ്ടെത്തി രണ്ട് വർഷങ്ങളായിട്ടും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.
വെള്ളൂർ സഹകരണ ബാങ്കിൽ ജോയിന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ കണ്ടെത്തിയത്. തുടർന്ന് ജീവനക്കാരും ബോർഡംഗങ്ങളുമുൾപ്പടെ 29 പേരോടാണ് പണം തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നത്. റിപ്പോർട്ട് പുറത്തുവന്ന് രണ്ട് വർഷങ്ങൾക്ക് ശേഷവും സഹകരണ വകുപ്പ് ഈ വിഷയത്തിൽ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.
നടപടിയില്ലാതായതോടെ ബാങ്ക് നിക്ഷേപ സംരക്ഷണ സമിതി ഹൈക്കോടതിയെയും വിജിലൻസിനെയും സമീപീച്ചു. ചട്ടം ലംഘിച്ച് ഇഷ്ടക്കാർക്ക് നൽകിയ വായ്പാ തുക തിരിച്ചുപിടിച്ചാൽ തന്നെ നിക്ഷേപകരുടെ തിരികെ നൽകാനാകും. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കൾ ഉൾപ്പെട്ട തട്ടിപ്പിൽ, ചില നേതാക്കൾക്കെതിരെ നടപടി എടുത്തിരുന്നു.
എന്നാൽ നടപടികൾ ഇതിൽ മാത്രം ഒതുങ്ങുകയായിരുന്നു. സഹകരണ നിയമം അനുസരിച്ച് വെട്ടിച്ച തുക തിരിച്ചുപിടിക്കാമെന്നിരിക്കെ നടപടികൾ എങ്ങും എത്തിയിട്ടില്ല.
Content Highlights: Velloorcooperative bank scam comes into light