തിരുവനന്തപുരം
പൊലീസിൽ വനിതാ പ്രാതിനിധ്യം ഉയർത്തുന്നതിന്റെ ഭാഗമായി 770 സിപിഒ ഒഴിവ് പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നിലവിലെ റാങ്ക് പട്ടികയിൽനിന്ന് 736 പേർക്ക് നിയമന ശുപാർശ അയച്ചു. 551 പേർ പരിശീലനം ആരംഭിച്ചു. പ്രൊമോഷൻ, എൻജെഡി ഒഴിവടക്കം റിപ്പോർട്ട് ചെയ്തു. അന്യത്ര സേവനം, ദീർഘകാല അവധി ഉൾപ്പെടെ കണക്കാക്കി എല്ലാ ഒഴിവും റാങ്ക് പട്ടിക കാലാവധി തീരുംമുമ്പ് പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യും. 2016ൽ ആറ് ശതമാനമായിരുന്ന പൊലീസിലെ വനിതാ പ്രാതിനിധ്യം 9.61 ശതമാനമായി. ഇത് 15 ശതമാനമാക്കും. സ്വർണക്കടത്ത് ഉൾപ്പെടെ സംഘടിത കുറ്റകൃത്യം അന്വേഷിക്കാൻ പുതിയ നിയമം ആലോചിക്കുകയാണ്.
പീഡനങ്ങളിൽ ഇരയുടെ ഭാഗത്തുനിന്ന് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകാനുള്ള പരിശീലനം പൊലീസിന് നൽകുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പ്രത്യേക പദ്ധതിയും ആരംഭിച്ചു. പുതിയ സർക്കാർ വന്നശേഷം രാഷ്ട്രീയ കൊലപാതകവും വർഗീയ സംഘർഷവും ഉണ്ടായിട്ടില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാർ 305 പേരെ കരുതൽ തടങ്കലിലാക്കി.
പൊലീസിനെ കൂടുതൽ മികച്ചതാക്കാൻ കൃത്രിമ നിർമിതബുദ്ധി ഉപയോഗിക്കുന്നു. ഡ്രോൺ ഫോറൻസിക് റിസർച്ച് സെന്റർ, സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ, സൈബർ ഓപ്പറേഷൻസ് ആൻഡ് സെക്യൂരിറ്റി ഡിവിഷൻ എന്നിവ ആരംഭിക്കും. എയ്ഡഡ് ഉൾപ്പെടെ 197 സ്കൂളിൽക്കൂടി യൂണിസെഫ് പങ്കാളിത്തത്തോടെ എസ്പിസി യൂണിറ്റ് ആരംഭിക്കും. വിരമിക്കുന്നവരുടെ സേവനം എസ്പിസി പരിശീലനത്തിന് ഉപയോഗിക്കും. ഫോറൻസിക് വിഭാഗത്തിൽ 50 സയന്റിഫിക് ഓഫീസർമാരുടെയും ആറ് അസി. ഡയറക്ടർമാരുടെയും തസ്തിക സൃഷ്ടിക്കും. എട്ട് മണിക്കൂർ ജോലി എല്ലാ സ്റ്റേഷനിലും നടപ്പാക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണനും കെ കെ രമയ്ക്കും മകനും എതിരായ ഭീഷണിയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. മന്ത്രി കെ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ ആളെ അറസ്റ്റുചെയ്തതായും ബജറ്റ് ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.