കൊച്ചി
കെഎസ്ഐഡിസി മുൻ ചെയർമാൻ കെ വിജയചന്ദ്രൻ (81) അന്തരിച്ചു. പാലാരിവട്ടം ഓട്ടോമൊബൈൽ റോഡിൽ അനിരുദ്ധനിലയത്തിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് പച്ചാളം ശ്മശാനത്തിൽ നടത്തി. പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള പഠനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം 1996––98ൽ വ്യവസായമന്ത്രി സുശീല ഗോപാലന്റെഉപദേഷ്ടാവുമായിരുന്നു.
ഓച്ചിറ ആലുംപീടികയിൽ ആനസ്ഥാനത്ത് പൂവശേരിയിൽ കെ കുട്ടപ്പന്റെയും പി കെ ലക്ഷ്മിയുടെയും മകനാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 1962ൽ ഡിസൈൻ എൻജിനിയറായി. സ്ഥാപനം ജർമൻ ബഹുരാഷ്ട്ര കമ്പനിയായ സീമെൻസുമായി കരാർ ഉണ്ടാക്കുന്നതിനെ എതിർത്തതോടെ കേന്ദ്രസർക്കാരിന്റെ നോട്ടപ്പുള്ളിയായി. കരാർ വിഷയം സിപിഐ എം നേതാവ് പി രാമമൂർത്തി പാർലമെന്റിൽ ഉന്നയിച്ചു. രാമമൂർത്തിക്ക് വിവരങ്ങൾ നൽകിയത് വിജയചന്ദ്രനാണെന്ന് ആരോപിച്ച് പീഡനം തുടങ്ങി. സിബിഐയും തേടിയെത്തി. 1979ൽ ഭെൽ വിട്ട് കൊച്ചിയിൽ ഇൻഡസ്ട്രിയൽ കൺസൾട്ടൻസി സർവീസസ് ആരംഭിച്ചു.
1987-–-91 കാലയളവിൽ സംസ്ഥാന പബ്ലിക് എന്റർപ്രൈസസ് ബോർഡ് സെക്രട്ടറിയായി. സംസ്ഥാന ആസൂത്രണബോർഡിൽ വിവിധ സ്റ്റിയറിങ് കമ്മിറ്റികളിലും ടാസ്ക് ഫോഴ്സുകളിലും അംഗമായിരുന്നു. സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. പൊതുമേഖലാ വ്യവസായങ്ങളുടെ സംരക്ഷണത്തിനുവേണ്ടി സിപിഐ എമ്മിനൊപ്പം പ്രവർത്തിച്ചു. പിന്നീട് സിപിഐ എം അംഗമായി. ഇ എം എസ്, എ കെ ജി, ബി ടി ആർ, പി രാമമൂർത്തി, ഇ ബാലാനന്ദൻ എന്നിവരുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി കൃതികൾ പ്രസിദ്ധീകരിച്ചു. ഭാര്യ: പരേതയായ വി ശ്രീദേവി. മക്കൾ: ഡോ. വിജയശ്രീ (ആയുർവേദ ഡോക്ടർ), വി വിജിത് (ഇൻഡസ്ട്രിയൽ കൺസൾട്ടൻസി സ്ഥാപനം).
മരുമക്കൾ: സരിഗ രാജ് (അസോസിയറ്റ് പ്രൊഫസർ,കുസാറ്റ്), പരേതനായ ഡോ. ആർ ജി കൃഷ്ണൻ.