കോലഞ്ചേരി
അതിഥിത്തൊഴിലാളിയെ വെട്ടിക്കൊന്ന് ചാക്കിലാക്കി മണലിനുള്ളിൽ പൂഴ്ത്തിയ നിലയിൽ കണ്ടെത്തി. അസം സ്വദേശി രാജാദാസാണ് (26) കൊല്ലപ്പെട്ടത്. പൂതൃകയ്ക്കുസമീപം പുളിഞ്ചോട് കുരിശിലാണ് സംഭവം. ഇവിടെ പ്രവർത്തിക്കുന്ന ഇന്റർലോക്ക് കട്ടകൾ ഉണ്ടാക്കുന്ന കമ്പനിയിലെ ജീവനക്കാരനാണ്. ഇയാളോടൊപ്പം താമസിച്ചിരുന്ന ബംഗാൾ മൂർഷിദാബാദ് സ്വദേശി ദീപൻകുമാർ ദാസിനെ (26) കാണാനില്ല. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ ജോലിക്കെത്തിയ സ്ത്രീകളാണ് കമ്പനിയിലെ ഭിത്തികളിൽ രക്തക്കറ കണ്ടത്. തുടർന്ന് ഉടമയും ജോലിക്കാരും നടത്തിയ പരിശോധനയിലാണ് മണൽക്കൂനയ്ക്കുള്ളിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. കഴുത്തിനുമുകളിൽ വലതുചെവിയോടുചേർന്ന് ആഴത്തിലുള്ള മുറിവുണ്ട്. മൂർച്ചയേറിയ കോടാലിപോലുള്ള ആയുധമുപയോഗിച്ച് വെട്ടിയാതാണെന്ന് പൊലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ടത് ഉറക്കത്തിലാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
രാജയും കാണാതായ ദീപൻകുമാർ ദാസും ഒരേമുറിയിലാണ് താമസിച്ചിരുന്നത്. മുറിയുടെ ഭിത്തിയോടുചേർന്ന് അടുക്കിവച്ചിരുന്ന കട്ടകൾക്കുമുകളിലാണ് രാജ ഉറങ്ങാറുള്ളത്. തലവയ്ക്കാറുള്ള ഭാഗത്തെ ഭിത്തിയിൽ അഞ്ചടിയോളം ഉയരത്തിൽ രക്തം ചീറ്റിത്തെറിച്ച പാടുണ്ട്. ഇതാണ് ഉറങ്ങിക്കിടന്ന സമയത്താണ് കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
മൃതദേഹം പായയിൽ പൊതിഞ്ഞ് രണ്ട് ചണച്ചാക്കുകളിലാക്കി തൊട്ടടുത്ത് നിർമാണത്തിനായി കൂട്ടിയിട്ടിരുന്ന മണലിൽ കുഴിച്ചിട്ട നിലയിലായിരുന്നു. മുറിയുടെ വാതിൽപ്പടിമുതൽ മണൽവരെയും രക്തം കണ്ടതോടെയാണ് മണൽക്കൂനയിൽ പരിശോധന നടത്തിയത്. പുത്തൻകുരിശ് പൊലീസിന്റെ പരിശോധനയിലാണ് മൃതദേഹം രാജയുടേതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഫൊറൻസിക്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി. റൂറൽ എസ്പി കെ കാർത്തിക്കും സ്ഥലം പരിശോധിച്ചു. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പുത്തൻകുരിശ് ഡിവൈഎസ്പി എ അജയ് നാഥ്, ഇൻസ്പെക്ടർ മഞ്ജുനാഥ്, രാമമംഗലം ഇൻസ്പെക്ടർ സൈജു കെ പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.