ഇസ്ലാമാബാദ്
പാക് അധീന കശ്മീരില് ഞായറാഴ്ച നടന്ന നിയമസഭാ തെരഞ്ഞെടുപ്പില് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാകിസ്ഥാന് തെഹ്രീകി ഇന്സാഫ് (പിടിഐ) പാര്ടിക്ക് വിജയം. തെരഞ്ഞെടുപ്പ് നടന്ന 45 സീറ്റില് 25 ഉം പിടിഐ നേടി. പാകിസ്ഥാന് പീപ്പിള്സ് പാര്ടി 11 സീറ്റിലും പാകിസ്ഥാന് മുസ്ലിംലീഗ് (നവാസ്) ആറ് സീറ്റിലും വിജയിച്ചു. ഘടക കക്ഷികളുടെ സഹായമില്ലാതെ സര്ക്കാര് രൂപീകരിക്കാൻ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്.
സാധാരണക്കാര്ക്ക് സര്ക്കാരിലുള്ള വിശ്വാസമാണ് തെരഞ്ഞെടുപ്പില് പ്രകടമായതെന്നും വോട്ടര്മാര്ക്ക് നന്ദി പറയുന്നതായും ഇമ്രാന് ഖാന് അറിയിച്ചു.
പിടിഐ വഞ്ചനയിലൂടെ നേടിയ വിജയം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ പാര്ടികള് പ്രതികരിച്ചു. എന്നാല് തെരഞ്ഞെടുപ്പ് ഫലം സുതാര്യമാണെന്ന് തെരഞ്ഞെടുപ്പ് കമീഷന് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് നടന്ന 45 സീറ്റില് 33 സീറ്റില് പാക് അധീന കശ്മീര് സ്വദേശികളും 12 സീറ്റില് കശ്മീരില് നിന്ന് പാകിസ്ഥാന്റെ മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറിയ അഭയാര്ഥികളുമാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പില് വ്യാപക അതിക്രമങ്ങളുണ്ടായി.