കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുനിൽകുമാർ, ബിജു കരീം,ജിൽസ്,ബിജോയ് എന്നിവർ
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ കൂട്ട നടപടി. രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത് ഉൾപ്പെടെ എട്ട് പേർക്കെതിരേ നടപടിയെടുത്തു. ഇരിഞ്ഞാലക്കുട ഏരിയാ സെക്രട്ടറിയെയും മാറ്റിയിട്ടുണ്ട്. പ്രതികളായ ജീവനക്കാരെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
രണ്ടു ദിവസമായി നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനും തുടർന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിനും ശേഷമാണ് സിപിഎമ്മിൽ കൂട്ട നടപടി ഉണ്ടായിരിക്കുന്നത്. ഉല്ലാസ് കളക്കാട്ട്, കെ.ആർ വിജയ എന്നീ രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെയാണ് ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരിക്കുന്നത്.
മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും നിലവിൽ ഇരിഞ്ഞാലക്കുട ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ. ചന്ദ്രനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു. ബാങ്കിന്റെ ഭരണസമിതിയിൽ ഉണ്ടായിരുന്ന ഒരാളെ ഒഴികെ ബാക്കി എല്ലാവരെയും പുറത്താക്കാനും തീരുമാനിച്ചു. പുറച്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയെയും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പ്രതികളായ ജീവനക്കാരെയും പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുനിൽകുമാർ, ബിജു കരീം, ബ്രാഞ്ച് കമ്മിറ്റി അംഗം ജിൽസൺ എന്നിവർക്കെതിരേയാണ് നടപടി.
Content Highlights:Karuvannur Co-operative bank scam- Action against CPM leaders