ഇടുക്കി > കാലവർഷം കനത്തതോടെ ഇടുക്കി അണക്കെട്ട് നിറവിലേക്ക്. സംഭരണശേഷിയുടെ 64.18 ശതമാനമായി. കഴിഞ്ഞവർഷത്തേക്കാൾ 32.91 ശതമാനം കൂടുതൽ. വെള്ളം 2378 അടി പിന്നിട്ടാൽ ഇത്തവണ തുറക്കേണ്ടിവരും. തിങ്കളാഴ്ചത്തെ ജലനിരപ്പ് 2370.18 അടിയാണ്. ഓരോ ദിവസവും ശരാശരി ഒന്നരയടി കൂടുന്നുണ്ട്. മഴ ശക്തിയായാൽ രണ്ടടി വീതം ഉയരും. വെള്ളം കുറച്ചുനിർത്താൻ ഒരാഴ്ചയായി പരമാവധി വൈദ്യുതോൽപാദനം നടത്തുകയാണ്. ജനറേറ്ററുകളുടെ ശേഷിക്കനുസരിച്ച് ഉൽപാദനം കൂട്ടുന്നതിനാൽ ഒഴുകിയെത്തുന്ന പകുതിയോളം പുറന്തള്ളപ്പെടുന്നു.
കഴിഞ്ഞദിവസത്തെ ഉൽപാദനം 14.524 ദശലക്ഷം യൂണിറ്റാണ്. മൂലമറ്റത്തെ ആറ് ജനറേറ്ററുകളും പ്രവർത്തിപ്പിച്ചാൽ പരമാവധി ഉൽപാദനം 19 ദശലക്ഷം യൂണിറ്റ്. ഒരുദിവസം ഒഴുകിയെത്തുന്നത് 28.107 ദശലക്ഷം ക്യുബിക് മീറ്റർ. അതേസമയം പുറത്തുവിടുന്നത് 9.8021 ദശലക്ഷം ക്യുബിക് മീറ്ററും. ഉൽപാദന തോതനുസരിച്ച് ഇതിൽ മാറ്റമുണ്ടാവും. പദ്ധതി മേഖലയിൽ മഴ കുറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച 38.8 മി.മീറ്റർ മഴ പെയ്തു. സംഭരണിയിൽ ജലം ഉയരുന്നതനുസരിച്ച് ജാഗ്രതാനിർദേശം നൽകും.
മൂന്നടികൂടി പിന്നിട്ട് 2372.58 അടിയിലെത്തുമ്പോൾ ബ്ലൂ അലെർട്ടായ ജാഗ്രതയും 2378.58ൽ എത്തുമ്പോൾ ഓറഞ്ച് അലെർട്ടും 2379.58 അടിയിലെത്തുമ്പോൾ റെഡ് അലെർട്ടും നൽകും. ഏറ്റവും ഒടുവിൽ സംഭരണി തുറന്നത് 2018 ആഗസ്ത് എട്ടിനായിരുന്നു. ഒരുമാസമാണ് ചെറുതോണി ഷട്ടറുകൾ തുറന്നുവച്ചത്. അതിന് മുമ്പ് 1981ലും 1992ലും സംഭരണി തുറന്നിരുന്നു. സംഭരണിയിലെ പരമാവധി ശേഷി 2403 അടിയാണ്.
Caption : ഇടുക്കി സംഭരണിയിൽ ജലനിരപ്പ് 2370.18 അടി പിന്നിട്ടപ്പോൾ.