Tokyo Olympics 2020: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ടെന്നിസ് കോര്‍ട്ടിലേക്കുള്ള മടക്കം ഗംഭീരമാക്കിയിരിക്കുകയാണ് ജപ്പാന്റെ സ്വന്തം നവോമി ഒസാക്ക. വനിതകളുടെ വ്യക്തിഗത ഇനത്തില്‍ പ്രീ ക്വാര്‍ട്ടറിലും പ്രവേശിച്ചു.
ഹാര്‍ഡ് കോര്‍ട്ടില്‍ നവോമിയുടെ കളി മികവ് ടെന്നീസ് ലോകം മനസിലാക്കിയതാണ്. താരം തന്റെ നാല് ഗ്രാന്‍ഡ് സ്ലാമും നേടിയത് ഹാര്‍ഡ് കോര്‍ട്ടില്‍ തന്നെ.
സ്വിറ്റ്സര്‍ലന്‍ഡിന്റെ വിക്ടോറിയ ഗോലുബിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടര്‍ പ്രവേശനം. ഫോര്‍ ഹാന്‍ഡിലും, ബാക്ക് ഹാന്‍ഡിലും ഒരേ പോലെ തിളങ്ങി 6-3, 6-4 എന്ന സ്കോറിലാണ് ഒസാക്കയുടെ ജയം.
ഒളിംപിക്സ് ദീപം തെളിയിക്കാന്‍ ലഭിച്ച ഉത്തരവാദിത്വം സമ്മര്‍ദ്ദം നല്‍കിയില്ല എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. “അത് എനിക്ക് കൂടുതല്‍ ആവേശം നല്കി, കടമ നിര്‍വഹിക്കാന്‍ ലഭിച്ചപോലെയാണ് തോന്നിയത്,” ഒസാക്ക പറഞ്ഞു.
“മെഡല്‍ നേടുന്നത് എന്നെ സംബന്ധിച്ച് വലിയ നേട്ടമായിരിക്കും. പക്ഷെ ഇത് വലിയൊരു പ്രക്രിയയാണ്. ഒരു സമയം ഒരു മത്സരം മാത്രം പരിഗണിച്ചാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. ടോക്കിയോയില്‍ തുടരാനാകുന്നത് വലിയ സന്തോഷം നല്കുന്ന ഒന്നാണ്,” നവോമി കൂട്ടിച്ചേര്‍ത്തു.
ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിയതിന് ശേഷമുള്ള താരത്തിന്റെ ആദ്യ ടൂര്‍ണമെന്റാണിത്. മാനസിക സമ്മര്‍ദ്ദം നേരിടുന്നതിനാല്‍ ഇടവേള ആഗ്രഹിക്കുന്നതായി മാധ്യമങ്ങളോട് നവോമി തുറന്നു പറഞ്ഞിരുന്നു.
ലോക രണ്ടാം റാങ്കുകാരിയായ ഒസാക്ക അടുത്ത റൗണ്ടില്‍ 2019 ഫ്രഞ്ച് ഓപ്പൺ റണ്ണറപ്പായ ചെക്ക് റിപ്പബ്ലിക്കിന്റെ മാർക്കറ്റ വൊൻഡ്രോസോവയെയോ റൊമാനിയയുടെ മിഹേല ബുസാർനെസ്കുവിനെയോ നേരിടും.
Also Read: Tokyo Olympics 2020: ഫെന്‍സിങ്ങില്‍ ചരിത്രം കുറിച്ച് ഭവാനി ദേവി
The post Tokyo Olympics 2020: നാട്ടിലെ താരം കോര്‍ട്ടിലും മികവ് തുടരുന്നു; ലക്ഷ്യം ഒളിംപിക് മെഡല്‍ appeared first on Indian Express Malayalam.