ധർമരാജന് ബിജെപി സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ട്. പണം എത്തിച്ചത് ആർക്ക് വേണ്ടിയാണെന്ന് സുരേന്ദ്രനറിയാം. ബിജെപി ആലപ്പുഴ ജില്ലാ ട്രഷററെ ഏൽപ്പിക്കാനാണ് പണം എത്തിച്ചത്. അതിനാൽ അന്വേഷണം പുരോഗമിക്കുമ്പോൾ തെളിവുകളുടെ അടിസ്ഥാനത്തിൽ ബിജെപി നേതാക്കളും സാക്ഷികളും കേസിൽ പ്രതികളാകാമെന്നും റോജി എം ജോണിൻ്റെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടിയാണ് പണം എത്തിച്ചത്. കേസിലെ നിർണായക വിവരങ്ങൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) കൈമാറിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ഇ.ഡിയ്ക്ക് നേരിട്ട് അന്വേഷിക്കാം. കേസിൽ പോലീസ് അന്വേഷണം തുടരുകയാണ്. കേസ് ഒത്തു തീർപ്പാക്കാൻ ശ്രമം നടത്തുന്നുവെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണം ജനശ്രദ്ധ തിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്.
ബിജെപി നേതാക്കളിൽ ഒരാൾ പോലും പ്രതിപ്പട്ടികയിൽ ഇല്ലെന്നും എല്ലാവരും സാക്ഷികളായി മാറിയെന്നും റോജി എം ജോൺ നിയമസഭയിൽ പറഞ്ഞു. കുറ്റപത്രത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ 206 സാക്ഷികളാണുള്ളത്. പ്രതികൾ ആകേണ്ടവർ എങ്ങനെയാണ് സാക്ഷികളായി മാറിയതെന്നും റോജി ചോദിച്ചു. ബിജെപി നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അവസരം സർക്കാർ ഇല്ലാതാക്കി. ഇതിനായി അടച്ചിട്ട മുറിയിൽ ബിജെപിയും സിപിഎമ്മും ചേർച്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.