തിരുവനന്തപുരം: ബി.ജെ.പി നേതാക്കൾ പ്രതികളാകേണ്ട കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചപ്പോൾ ഇവരെല്ലാം സാക്ഷികളായി മാറിയെന്ന് റോജി എം. ജോൺ എം.എൽ.എ. കള്ളപ്പണത്തിനെതിരെ സന്ധിയില്ലാസമരം ചെയ്യുമെന്ന് അവകാശപ്പെട്ട് അധികാരത്തിൽ വന്ന ബി.ജെ.പി തന്നെ രാജ്യത്തെ കള്ളപ്പണത്തിന്റെയും കുഴൽപ്പണത്തിന്റെയും ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്ന കാഴ്ചയാണ് കൊടകരയിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സൂത്രധാരനുൾപ്പടെ പ്രതിയാകാതെ സാക്ഷിയാകുന്ന സൂത്രം എങ്ങനെയാണ് കേരളാ പോലീസിന് മാത്രം സാധ്യമാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് റോജി എം ജോൺ പരിഹസിച്ചു. ഇത്രയും ഗുരുതരമായ സംഭവങ്ങൾ നന്നിട്ടും ബി.ജെ.പി സൈ്വരവിഹാരം നടത്താനുള്ള സൗകര്യം ഒരുക്കിക്കൊടുക്കാനുള്ള അന്തർധാരയാണോ ഈ സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കൊടകര കുഴൽപ്പണക്കേസിൽ ഉൾപ്പെട്ട കോടിക്കണക്കിന് രൂപ കേരളത്തിന്റെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി ഉപയോഗിച്ചു എന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടും ബന്ധപ്പെട്ട കേന്ദ്ര എജൻസികളെ ഏൽപ്പിക്കാതെ ഒതുക്കാൻ സർക്കാർ ശ്രമിച്ചത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി നിയമസഭയിൽ സംസാരിക്കുകയായിരുന്നു റോജി എം. ജോൺ.
Content Highlights: Roji M John lahes out at government in kodakara case