തിരുവനന്തപുരം > കൃത്യമായ രോഗ നിർണയത്തിലൂടെയും വാക്സിൻ വിതരണത്തിലൂടെയും കോവിഡ് മരണനിരക്ക് കുറച്ച് സംസ്ഥാനം. ജൂലൈയിൽ പ്രതിദിന മരണം 200 കടന്നില്ല. പല ദിവസവും നൂറിൽ താഴെയായി. ശനിയാഴ്ച 98ഉം ഞായറാഴ്ച 66ഉം ആയിരുന്നു മരണം
രണ്ടാം തരംഗത്തിൽ രോഗത്തിന്റെ രൂക്ഷത കുറവായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും ഐസിയുവിലുള്ളവരുടെയും എണ്ണം താരതമ്യേന കുറവ്. ആകെ രോഗികളുടെ എണ്ണത്തിലും മരിച്ചവരുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. എന്നാൽ, ഇത് മരണത്തിന്റെ ആകെ ശതമാനത്തിൽ വലിയ മാറ്റമുണ്ടാക്കിയില്ല. സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് 0.49 ശതമാനം മാത്രം. ഇത് ഒരു ശതമാനത്തിൽ കൂടാനിടയില്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കിയിരുന്നു.
“കോവിഡ് ബാധിച്ചാൽ മരണസാധ്യത കൂടുതലുള്ള 60 വയസ്സിന് മുകളിലുള്ളവർക്ക് പരമാവധി വാക്സിൻ നൽകി. രോഗലക്ഷണമുള്ളവരെ കണ്ടെത്തി പരിശോധിക്കുന്ന രീതിയാണ് സംസ്ഥാനത്ത് സ്വീകരിച്ചിരിക്കുന്നത് (ടാർഗറ്റഡ് ടെസ്റ്റിങ്). രോഗികളെ അതിവേഗം കണ്ടെത്തി ചികിത്സിക്കാനാകുന്നു’–-സംസ്ഥാന കോവിഡ് വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. ബി ഇക്ബാൽ പറഞ്ഞു.
രണ്ടാം തരംഗം ശക്തമായിരുന്ന ജൂൺ ആദ്യമാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ഏറ്റവും ഉയർന്ന പ്രതിദിന മരണം ജൂൺ ആറിന്–- 227.