മാട്ടൂൽ (കണ്ണൂർ) > സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിനായി നാട് കടൽപോലെ കാരുണ്യം ചൊരിഞ്ഞപ്പോൾ ലഭിച്ചത് 46.78 കോടി രൂപ. കേരളം കണ്ട ഏറ്റവും വലിയ ജീവകാരുണ്യദൗത്യത്തിലേക്ക് ഒരു രൂപ മുതൽ അഞ്ചുലക്ഷം വരെ നൽകി 7,70,000 പേരാണ് പങ്കാളിയായത്–- ചികിത്സാസഹായ കമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2021 ജൂൺ 28നാണ് ചികിത്സാസഹായ കമ്മിറ്റി പ്രവർത്തനം തുടങ്ങിയത്.18 കോടി രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. ഒരാഴ്ചക്കിടെ ഇത് ലഭിച്ചു. കണ്ണൂർ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് 26.73 കോടി രൂപയും കേരള ഗ്രാമീൺ ബാങ്ക് മാട്ടൂൽ ശാഖയിലെ അക്കൗണ്ടിൽ 19.95 കോടി രൂപയും ചികിത്സാ കമ്മിറ്റി ഓഫീസിലും മുഹമ്മദിന്റെ വീട്ടിലുമായി 9,19,598 രൂപയും എത്തി. 42 പേർ ഒരു ലക്ഷത്തിലധികം നൽകി.
മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്കുശേഷം മിച്ചമുള്ള തുക സമാന അസുഖം ബാധിച്ചവർക്ക് സർക്കാർമുഖേന നൽകും. ഇതിന് മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തും.
മുഹമ്മദിന്റെ രക്തസാമ്പിൾ പരിശോധന പൂർത്തിയായി. ചികിത്സ ആഗസ്ത് ആദ്യവാരം ആരംഭിക്കും. നെതർലാൻഡിലാണ് എഎവി 9 പരിശോധന നടത്തിയത്. കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് ചികിത്സിക്കുക. അമേരിക്കയിൽനിന്ന് മരുന്ന് എത്തിക്കാൻ നടപടി തുടങ്ങി.
വാർത്താസമ്മേളനത്തിൽ എം വിജിൻ എംഎൽഎ, കെ വി മുഹമ്മദലി, കെ ഫാരിഷ, പി ടി അബ്ബാസ്ഹാജി, പി പി ഗഫൂർ, എ കെ എസ് അബ്ദുൾകലാം, സി പ്രകാശൻ, അജിത്ത് മാട്ടൂൽ, ബി നസീർ, വി പി കെ അബ്ദുൾസലാം, പി വി ഇബ്രാഹിംകുട്ടി, മുഹമ്മദിന്റെ ഉപ്പ റഫീഖ് എന്നിവർ പങ്കെടുത്തു.