പാര്‍ട്ടി ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡന്റ് എപി അബ്ദുൾ വഹാബ് അറിയിച്ചു. അതേസമയം, പ്രസിഡന്റ് എപി അബ്ദുൾ വഹാബിനെ പുറത്താക്കിയതായി കാസിം ഇരിക്കൂറും അറിയിച്ചു. ഇരുവിഭാഗങ്ങളും സമാന്തരമായി യോഗം വിളിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇരുവിഭാഗങ്ങളും പുതിയ ഭാരവാഹികളേയും പ്രഖ്യാപിച്ചിട്ടുണ്ട്. അബ്ദുള്‍ വഹാബ് വിഭാഗം നാസര്‍ കോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. അതിന് പുറമെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെയും പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയതായി അദ്ദേഹം അറിയിച്ചു. ഇടത് പക്ഷ നിലപാടുകള്‍ ഉയര്‍ത്തി പിടിച്ച് ഇടതുമുന്നണിയിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ വര്‍ക്കിങ് പ്രസിഡന്റായ ഹംസ ഹാജിയെ ആണ് കാസി വിഭാഗം പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നത്. വഹാബിനൊപ്പം ഏഴ് സെക്രട്ടേറിയേറ്റ് അംഗങ്ങളേയും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കാസിം ഇരിക്കൂര്‍ വ്യക്തമാക്കി.
അതേസമയം, ഐഎൻഎൽ ദേശീയ നേതൃത്വത്തിന്റെ പിന്തുണ തങ്ങള്‍ക്കാണെന്ന് കാസിം വിഭാഗം അവകാശവാദം ഉന്നയിച്ചു. ഭൂരിപക്ഷം തങ്ങള്‍ക്കാണെന്നും ചെറിയൊരു വിഭാഗം പുറത്തു പോയി എന്നും അദ്ദേഹം പറഞ്ഞു.
ഇരുവിഭാഗങ്ങളും ഐഎൻഎൽ പ്രശ്നങ്ങള്‍ക്ക് കാരണം മുസ്ലീം ലീഗ് ആണെന്ന് ആരോപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി വഹാബ് വിഭാഗത്തെ സ്വാഗതം ചെയ്തിരിക്കുകയാണെന്നും അതിനര്‍ത്ഥം വളരെ ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണിതെന്നാണെന്നും കാസിംം ഇരിക്കൂര്‍ ആരോപിച്ചു.
കൊച്ചിയിൽ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് കൂട്ടത്തല്ലുണ്ടായത്. തുടര്‍ന്ന് യോഗം പിരിച്ചു വിട്ടതായി ഒരു വിഭാഗം അറിയിക്കുകയായിരുന്നു. കയ്യാങ്കളിയെ തുടര്‍ന്ന് യോഗത്തിൽ നിന്നും സംസ്ഥാന അധ്യക്ഷൻ ഇറങ്ങിപ്പോയിരുന്നു.
രണ്ടാം പിണറായി സര്‍ക്കാരിൽ മന്ത്രി സ്ഥാനം ലഭിച്ചതോടെ ഐഎൻഎല്ലിൽ പൊട്ടിത്തെറികള്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെ, പിഎസ്സി അംഗത്വം വിൽപനയ്ക്ക് വെച്ചുവെന്ന ആരോപണം കൂടി ഉയര്‍ന്നതോടെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ രൂക്ഷമാകുകയായിരുന്നു.