കൊണ്ടോട്ടി (മലപ്പുറം) > പ്രളയം തകർത്ത ആതുരാലയം ഇനി രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യകേന്ദ്രം. വാഴക്കാട്ടെ ഹൈടെക് കുടുംബാരോഗ്യകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ 10 കോടി രൂപ ചെലവിലാണ് പുനർനിർമാണം. ഡോ. ഷംസീർ വയലിലിന്റെ നേതൃത്വത്തിലുള്ള വിപിഎസ് ഹെൽത്ത് കെയറാണ് പ്രവൃത്തി പൂർത്തിയാക്കി ആശുപത്രി സർക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു.
ചാലിയാർ കരകവിഞ്ഞ് 2018ൽ പൂർണമായി നശിച്ച പിഎച്ച്സി അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാക്കി. 15,000 ചതുരശ്രയടി വിസ്തൃതി. എമർജൻസി റൂം, മിനി ഓപറേഷൻ തിയറ്റർ, ലബോറട്ടറി, ഇമേജിങ് വിഭാഗം, കൺസൾട്ടിങ് റൂമുകൾ, നേഴ്സിങ് സ്റ്റേഷൻ എന്നിവ സജ്ജം. വാക്സിൻ സ്റ്റോർ, സാമ്പിൾ കലക്ഷൻ സെന്റർ, വിഷൻ ആൻഡ് ദന്തൽ ക്ലിനിക്, അമ്മമാർക്കും ഗർഭിണികൾക്കും പ്രത്യേക മേഖലകൾ എന്നിവയുമുണ്ട്. കോൺഫറൻസ് ഹാൾ, ഓപ്പൺ ജിംനേഷ്യം, കുട്ടികൾക്ക് കളിസ്ഥലം, ഭിന്നശേഷിക്കാർക്ക് ലിഫ്റ്റ് റാമ്പ് തുടങ്ങിയവയും ഒരുക്കി. ഓക്സിജൻ കോൺസൻട്രേറ്ററുകളുള്ള പത്ത് നിരീക്ഷണ കിടക്കകളും ഓക്സിജൻ സ്റ്റെബിലൈസേഷൻ യൂണിറ്റുമുണ്ട്.
ആശുപത്രിയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രൗഢഗംഭീര ചടങ്ങുണ്ടായി. ഡോ. ഷംസീർ വയലിൽ കുടുംബാരോഗ്യകേന്ദ്ര സമുച്ചയവും മന്ത്രി വീണാ ജോർജ് ദന്തൽ കെയറും മന്ത്രി എം വി ഗോവിന്ദൻ ഫാർമസിയും മന്ത്രി വി അബ്ദുറഹ്മാൻ ഓപ്പൺ ജിമ്മും ഇ ടി മുഹമ്മദ് ബഷീർ എംപി ഓഡിറ്റോറിയവും ഉദ്ഘാടനംചെയ്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആംബുലൻസ് കൈമാറി. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി മുഖ്യാതിഥിയായി. ടി വി ഇബ്രാഹിം എംഎൽഎ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീനയിൽനിന്ന് ആദ്യ ഒപി ടിക്കറ്റ് വാഴക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഹാജറുമ്മ ഏറ്റുവാങ്ങി. എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ ഷിബുലാൽ മരുന്ന് വിതരണം ഉദ്ഘാടനംചെയ്തു. അബ്ദുസമദ് സമദാനി എംപി സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാൻ മലയിൽ സ്വാഗതം പറഞ്ഞു.