തിരുവനന്തപുരം: ശബരിമലയിൽ മേൽശാന്തിയായി ബ്രാഹ്മണർ അല്ലാത്തവരെ കൂടി പരിഗണിക്കണമെന്ന് വിഷയം സജീവമായി ഉന്നയിച്ച് ബിഡിജെഎസ്. എന്നാൽ ബ്രാഹ്മണപൂജയാണ് ശബരിമലയിലെ അംഗീകൃത സമ്പ്രദായമെന്ന നിലപാടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്. എല്ലാവരുമായി ചർച്ച ചെയ്ത് മാറ്റം ആലോചിക്കാമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. ശബരിമല അയ്യപ്പന് അയിത്തമോഎന്ന വിഷയം എടുത്ത് എൻ.ഡി.എയുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. പ്രക്ഷോഭം തുടങ്ങിയെങ്കിലും ബി.ജെ.പി. അടക്കം മൗനത്തിലാണ്.
ബ്രാഹ്മണപൂജയാണ് ശബരിമലയിലെ സമ്പ്രദായം. പൂജാവിധി പഠിച്ചവരെ ജാതിവ്യത്യാസമില്ലാതെ ശബരിമലയിലെ മേൽശാന്തി നിയമനത്തിന് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത് ബി.ജെ.പിയുടെ ഘടകകക്ഷിയായ, തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ്. ആണ്.
ശബരിമല വിഷയങ്ങളിൽ ജാഗ്രതക്കുറവുമൂലം കൈപൊള്ളിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന് അബ്രാഹ്മണ ശാന്തികാര്യത്തിൽ എടുത്തുചാട്ടമില്ല. അതിനാൽ ഹൈക്കോടതി അംഗീകരിച്ച ബ്രാഹ്മണപൂജാ സമ്പ്രദായത്തിനൊപ്പമാണ് ബോർഡ് എന്ന് ദേവസ്വം പ്രസിഡന്റ് എൻ. വാസു പറഞ്ഞു. ഒരു വിഭാഗത്തിനും എതിർപ്പില്ലെങ്കിൽ സമവായത്തിലൂടെ മാറ്റം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാള ബ്രാഹ്മണർ ആയിരിക്കണം ശബരിമലയിലെ മേൽശാന്തി എന്നാണ് ആ ഗൈഡ് ലൈനിൽ പറഞ്ഞിരിക്കുന്നത്. എടുത്തുചാടി ഒരു തീരുമാനം എടുക്കാൻ സാധിക്കില്ല. ഏകപക്ഷീയമായ ഒരു നിലപാടും ഇക്കാര്യത്തിലുണ്ടാവില്ല- അദ്ദേഹം പറഞ്ഞു.
എൻ.ഡി.എയിൽ ആലോചിച്ചല്ല, ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. വിഷയത്തിൽ പ്രതിഷേധത്തിന് ഇറങ്ങിയത്. ശബരിമലയിലെ ആചാരം വൈകാരികമായി ഉന്നയിക്കുന്ന ബി.ജെ.പി. ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ അബ്രഹ്മണ പൂജാ വിഷയത്തിൽ പ്രതികരിച്ചിട്ടുമില്ല. അതിനാൽ ശബരിമലയിൽ പുതിയ വിവാദത്തിനുള്ള കളമൊരുക്കലാണെന്ന സംശയത്തിലാണ് ദേവസ്വം ബോർഡും സർക്കാരും.
content highlights:demand arises to appoint non brahmin as head priest in sabarimala