മഠം അധികൃതരുടെ ഉപദ്രവം മൂലം മഠത്തിൽ ജീവിക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കി കാരയ്ക്കമല എഫ്സിസിക്ക് മുൻപിൽ ശനിയാഴച വൈകിട്ട് അഞ്ച് മണി മുതൽ രാത്രി ഒൻപതര വരെ നിരാഹാരമിരുന്നിരുന്നു. മഠം അധികൃതരുടെ ഉപദ്രവം മൂലം മഠത്തിൽ ജീവിക്കാൻ കഴിയുന്നില്ലെന്നും മുറിയുടെ വാതിലും സ്വിച്ച് ബോർഡും മഠം ജീവനക്കാർ നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
നിരാഹാര സമരം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പോലീസ് വിഷയത്തിൽ ഇടപെടുകയും ആവശ്യങ്ങൾ പുനസ്ഥാപിച്ച് നൽകുകയുമായിരുന്നു. അഞ്ച് ദിവസം മുൻപ് മഠത്തിലെ മുറിയിലേക്കുള്ള വൈദ്യുതി ബന്ധം മഠം അധികൃതർ വിച്ഛേദിച്ചെന്നും പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ലൂസി കളപ്പുര ആരോപിച്ചിരുന്നു.
“മുറിയുടെ വാതിൽ നശിപ്പിക്കപ്പെട്ട നിലയിലാണെന്നും വാതിലും സ്വിച്ച് ബോർഡും നന്നാക്കാൻ അധികൃതർ ഇതുവരെ തയ്യാറാകാത്തതിനാൽ മുറി താമസയോഗ്യമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. താൻ നൽകിയ പരാതിയിൽ നടപടിയുണ്ടാകുന്നതുവരെ നിരാഹാരമിരിക്കും” – എന്നുമായിരുന്നു സിസ്റ്റർ ലൂസി വ്യക്തമാക്കിയിരുന്നത്.
മഠത്തിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സി ലൂസി കളപ്പര സമർപ്പിച്ച ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തീർപ്പാക്കിയിരുന്നു. ഇപ്പോൾ താമസിക്കുന്ന കാരയ്ക്കമല മഠം കോൺവെന്റിലല്ലാതെ മറ്റെവിടെയെങ്കിലും താമസിച്ചാൽ സുരക്ഷ നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. കോൺവെന്റിൽ നിന്നും സിസ്റ്റർ ലൂസി ഇറങ്ങി പോകണമെന്ന് ഹൈക്കോടതിക്ക് ഉത്തരവിടാൻ സാധിക്കില്ല. കോൺവെന്റിലെ താമസവുമായി ബന്ധപ്പെട്ട ഹർജി എത്രയും വേഗം തീർപ്പാക്കണമെന്ന് മുൻസിഫ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കോൺവെന്റിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.