കവളങ്ങാട് > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 50 ദിവസമായി ഒളിവിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദ് മുമ്പും സമാന കേസിൽ പ്രധാന പ്രതി. 2015ൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ രക്ഷിക്കാൻ ഇരയെയും മാതാപിതാക്കളെയും ആക്രമിച്ച കേസിലെ ഒന്നാംപ്രതിയാണ് ഷാൻ. അന്ന് ഇവരുടെ ഉപദ്രവം സഹിക്കാതെ ഇരയും കുടുംബവും നാടുവിടുകയായിരുന്നു.
ഇപ്പോഴത്തെ പീഡനക്കേസിലെ ഒന്നാംപ്രതി റിയാസിന്റെ ബന്ധു സെയ്തായിരുന്നു 2015ലെ പ്രതി. അന്ന് മാതാപിതാക്കൾ പരാതി നൽകിയതിനു പിന്നാലെ ഷാൻ ഇടപെട്ടു. 2015 ജൂൺ 27ന് രാത്രി ഷാനിന്റെ നേതൃത്വത്തിൽ ഇരുപതോളം യൂത്ത് കോൺഗ്രസുകാർ വൈദ്യുതി വിച്ഛേദിച്ച് അതിക്രമിച്ചുകയറി വീട് തകർത്തു. മാതാപിതാക്കളെ തല്ലിച്ചതച്ചു. ഇപ്പോൾ റിമാൻഡിലുള്ള റിയാസും വീടാക്രമണക്കേസിലെ പ്രതിയാണ്.
ഇതിന് പരാതി നൽകിയതിന്റെ പേരിലായി പിന്നത്തെ ഉപദ്രവം. കേസ് പിൻവലിക്കാനാവശ്യപ്പെട്ട് ഇരയുടെ അമ്മയെയും പെൺകുട്ടിയെയും വഴിയിൽ തടഞ്ഞുനിർത്തി ഷാൻ ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ അച്ഛനെ, ഓടിച്ചിരുന്ന ബസ് തടഞ്ഞിട്ട് ഭീഷണിപ്പെടുത്തി. ബസുടമയെ സമ്മർദ്ദത്തിലാക്കി ജോലിയിൽനിന്ന് പുറത്താക്കിച്ചു. ബസ് ഓടാൻ യൂത്ത് കോൺഗ്രസ് സമ്മതിക്കില്ലെന്നായിരുന്നു ഭീഷണി. ഇക്കാര്യവും പോത്താനിക്കാട് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. പിന്നീട് ടിപ്പർ ഡ്രൈവറായെങ്കിലും ഉടമയെ ഭീഷണിപ്പെടുത്തി അതും ഇല്ലാതാക്കി. പെൺകുട്ടിയുടെ മാതാപിതാക്കളെ പിന്തുടരുന്നതും പതിവായി.
അവർ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് വധഭീഷണി മുഴക്കി. അതിനെതിരെ 2017 സെപ്തംബർ അഞ്ചിന് പോത്താനിക്കാട് പൊലീസിൽ വീണ്ടും പരാതി നൽകി. എങ്കിലും ഭീഷണി തുടർന്നതോടെ മറ്റു മാർഗമില്ലാതെ ഇവർ താമസം മാറ്റി. ഗത്യന്തരമില്ലാതെയാണ് നാടും വീടും ഉപേക്ഷിക്കേണ്ടി വന്നതെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. പീഡനക്കേസ് പിൻവലിക്കാനാവശ്യപ്പെട്ട് 10 ലക്ഷം രൂപയുമായി ഷാൻ മുഹമ്മദ് എത്തിയിരുന്നു. അതിന് വഴങ്ങാത്തതും അവരുടെ രോഷത്തിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. ഷാൻ മുഹമ്മദിനെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപമാണ് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ ഇപ്പോൾ ഉയരുന്നത്.