തിരുവനന്തപുരം > അർബൻ ബാങ്കുകളുടെ കഴുത്തറുത്തതിനു പിന്നാലെ സഹകരണമേഖലയെ അരുംകൊല ചെയ്യാനൊരുങ്ങി അമിത് ഷാ സംഘം. സഹകരണമന്ത്രാലയം എന്ന പുത്തൻ ആയുധമാണ് ഇതിനായി കേന്ദ്രം ഒരുക്കുന്നത്.
കരുവായി ആർബിഐ
ആർബിഐ ഉത്തരവിൽ നടത്തിയ പരിഷ്കരണത്തിലൂടെയാണ് അർബൻ ബാങ്കുകളിൽ കേന്ദ്രം പിടിമുറുക്കിയത്. കാലാവധി കഴിഞ്ഞ സ്വർണവായ്പകൾ 90 ദിവസത്തിനകം പുതുക്കാമെന്ന വ്യവസ്ഥ അർബൻ ബാങ്കുകളിൽ നിലവിലുണ്ടായിരുന്നു. എന്നാൽ, ഇത് ഉടമയെ അറിയിക്കാതെ ലേലം ചെയ്യാം എന്നതാണ് ഇതിൽ അവസാനമിറങ്ങിയ ഉത്തരവ്.
സാധാരണക്കാരെ സഹായിക്കാനുള്ള എല്ലാ സാധ്യതയും ഇല്ലാതാക്കുന്ന അനേകം പരിഷ്കരണങ്ങളാണ് അർബൻ ബാങ്കുകൾക്കുമേൽ വീണത്. ഇതിൽ പ്രധാനം ഡയറക്ടർ ബോർഡിനുമേൽ സിഇഒയെ നേരിട്ട് പ്രതിഷ്ഠിച്ചു എന്നതാണ്.
ജനപ്രതിനിധികളെ ഉൾപ്പെടുത്തേണ്ട എന്നും തീരുമാനിച്ചു. ഒപ്പം അസാധാരണമായ യോഗ്യതാ മാനദണ്ഡങ്ങളും. 500 കോടി നിക്ഷേപമുള്ളവയ്ക്ക് ലൈസൻസ് നൽകുമെന്നാണ് പുതിയ ചട്ടം. ഇത് പാലിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും കേരള ബാങ്ക് വൈസ് ചെയർമാൻകൂടിയായ സഹകാരി എം കെ കണ്ണൻ പറയുന്നു.
സംസ്ഥാന വിഷയത്തിലും അട്ടിമറി
സഹകരണമേഖല സംസ്ഥാന വിഷയമാണെന്നാണ് സുപ്രീംകോടതി വിധി. എന്നാൽ, അതിലെ ചില വ്യാഖ്യാനങ്ങൾ ദുരുപയോഗം ചെയ്യാനാകുമോ എന്നാണ് കേന്ദ്രം നോക്കുന്നത്. മൾട്ടി സ്റ്റേറ്റ് സംഘങ്ങളിൽ കേന്ദ്രത്തിന് ഇടപെടാൻ അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിയിൽ പറഞ്ഞിട്ടുണ്ട്.
ഇതിൽ പുതിയ സഹകരണമന്ത്രാലയത്തിനു കീഴിൽ നിയമങ്ങളുണ്ടാക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. പാവങ്ങൾക്ക് ആശ്രയമാകേണ്ട സഹകരണമേഖലയെ കേന്ദ്രം കഴുത്തറപ്പൻ കച്ചവടമാക്കുമെന്ന് ബെഫി നേതാവ് ടി നരേന്ദ്രൻ പറഞ്ഞു.