കണ്ണൂർ: ജില്ലയിൽ ഇനി മുതൽ വാക്സിനെടുക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ജില്ലാ കളക്ടർ. ജൂലായ് 28 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. കോവിഡ് പരിശോധന സൗജന്യമായിരിക്കും. കോവിഡ് പോസിറ്റീവായവർ വാക്സിനെടുത്താൽ അതിന്റെ പ്രയോജനം ലഭിക്കില്ലെന്നും തൊഴിലിടങ്ങളിലും കടകളിലും കോവിഡ്നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും ജില്ലാ കളക്ടർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
ജില്ലയിൽ വാണിജ്യ മേഖലകളും വിവിധ തൊഴിൽ രംഗങ്ങളും കോവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കുന്നതിനായി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയാണ്.കോവിഡിനൊപ്പം സാധാരണ ജനജീവിതവും സാമ്പത്തിക പ്രക്രിയയും പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ഉദ്ദേശ്യത്താടെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പദ്ധതി.
കോവിഡ് പ്രതിരോധ നടപടികൾ സാധാരണ മനുഷ്യരുടെ ജീവനോപാധികളെയും വാണിജ്യ, വ്യാപാര പ്രക്രിയയെയും കലാ കായിക രംഗത്തേയും ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കോവിഡ് സാഹചര്യം തുടർന്ന്പോകുന്ന സ്ഥിതിയിൽ കോവിഡിനൊപ്പം തന്നെ സമൂഹത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ എങ്ങനെ സാധാരണ രീതിയിൽ സാധ്യമാക്കാമെന്നാണ് ആലോചിക്കുന്നത്. ഈ പരിശ്രമത്തിന്റെ ഭാഗമായാണ് രണ്ട് ഡോസ് വാക്സിനോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വിവിധ മേഖലകളിൽ നിർബന്ധമാക്കുന്നത്.
കോവിഡ് വാക്സിൻ എടുക്കാനും 72 മണിക്കൂറിനുളളിലുളള നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ജൂലൈ 28 മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരും.തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന പട്ടികയിൽപെട്ടവർക്കാണ് വാക്സിൻ നൽകുക. ഇവർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ആകെ നൽകുന്ന വാക്സിന്റെ 50 ശതമാനം ആയിരിക്കും ഈ രീതിയിൽ തദ്ദേശ സ്ഥാപനങ്ങൾ മുൻഗണന നിശ്ചയിച്ചു പട്ടിക തയ്യാറാക്കുക. വാക്സിൻ എടുക്കേണ്ടവർ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വാക്സിൻ ഉറപ്പ് വരുത്തണം.ഇതിനനുസരിച്ച് വാക്സിൻ വിതരണ സംവിധാനം പുനഃക്രമീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
പൊതുഗതാഗത മേഖലയായ ബസ്, ഓട്ടോ, ടാക്സി എന്നിവയിലെ തൊഴിലാളികൾ, കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർ എന്നിവർക്കും രണ്ട് ഡോസ് വാക്സിനോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കും. രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് 15 ദിവസത്തിലൊരിക്കൽ ടെസറ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.
പൊതുജനങ്ങൾ ഏറെ സമ്പർക്കം പുലർത്തുന്ന ഇടങ്ങൾ കൊവിഡ് വ്യാപന സാധ്യത ഇല്ലാതാക്കി സുരക്ഷിതമാക്കാനാണ് ഈ നടപടി. ഇതുവഴി വിവിധ തൊഴിൽ രംഗങ്ങളെയും സാമ്പത്തിക മേഖലകളെയും കൊവിഡ് വിമുക്ത സുരക്ഷിതമേഖലയാക്കി അവിടങ്ങളിലെ സാധാരണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
കോവിഡ് പോസിറ്റീവ് ആകുന്നവർ ആവശ്യമായ ക്വാറന്റൈൻ സൗകര്യം ഇല്ലെങ്കിലും വീടുകളിൽ നിന്ന് മാറാൻ മടിക്കുന്ന സാഹചര്യം ഉണ്ട്. ഇത് അനുവദിക്കാനാവില്ല. ക്വാറന്റീൻ സൗകര്യം പര്യാപ്തമാണോയെന്ന് ഉറപ്പിക്കേണ്ടത് ബന്ധപ്പെട്ട ആർആർടി ആണ്. അവരുടെ തീരുമാന പ്രകാരം ആവശ്യമെങ്കിൽ അത്തരമാളുകളെ നിർബന്ധമായി ഡിസിസികളിലേക്ക് മാറ്റാൻ തദ്ദേശസ്ഥാപനങ്ങൾ നടപടിയെടുക്കണമെന്നും ജില്ലാ കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.