കൊല്ലം> എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി പത്മാകരൻ കടയിൽവച്ച് അപമാനിച്ചെന്ന യുവതിയുടെ പരാതിയിൽ അന്വേഷകസംഘം പരാതിക്കാരിയുടെ ഉൾപ്പെടെ ഫോൺ കോളുകൾ പരിശോധിക്കും. അന്വേഷകസംഘം വെള്ളിയാഴ്ച പത്മാകരന്റെ കടയിലെ അഞ്ചു ജീവനക്കാരുടെ മൊഴിയെടുത്തു. കടയിലെ സിസി ടിവി ദ്യശ്യം വിശദമായി പരിശോധിച്ചുവരികയാണെന്ന് അന്വേഷണച്ചുമതലയുള്ള കുണ്ടറ സിഐ ജയകൃഷ്ണൻ പറഞ്ഞു.
സംഭവത്തിനു പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്മാകരൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങി. വ്യാജ ആരോപണങ്ങൾക്കു പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.
ജീവിതത്തിൽ ഒരിക്കൽപ്പോലും നേരിൽ സംസാരിച്ചിട്ടില്ലാത്ത യുവതി രാഷ്ട്രീയമായി തേജോവധം ചെയ്യാനാണ് കള്ളപ്പരാതി നൽകിയത്. നിരപരാധിത്വം തെളിയിക്കാൻ നാർക്കോ അനാലിസിസ്, ബ്രയിൻ മാപ്പിങ്, പോളിഗ്രാഫ് തുടങ്ങി ഏതു പരിശോധനയ്ക്കും തയ്യാറാണ്. തനിക്കു വിരോധമുള്ള ആളുകൾക്കെതിരെ യുവതി മുമ്പ് പലതവണ സമാനസ്വഭാവമുള്ള പരാതികൾ പൊലീസിൽ നൽകിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും പത്മാകരൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറഞ്ഞു.