കൊടകര കേസിലെ പ്രധാന പരാതിക്കാരനായ ധർമ്മരാജന്റെ അടുത്ത ബന്ധുവിനായിരുന്നു പണം കൊണ്ടുവരാനുള്ള ചുമതല. ബെംഗളുരുവിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്ന് ഇരിഞ്ഞാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
നാല് കോടി നാൽപ്പത് ലക്ഷം രൂപയാണ് കൊങ്കണാപുരത്തുവെച്ച് കവർച്ച ചെയ്യപ്പെട്ടത്. ധർമ്മരാജൻ അടക്കമുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കവർച്ച സംബന്ധിച്ച വിവരം ലഭിച്ചത്. സേലത്തു നിന്നും പതിനഞ്ച് കിലോമീറ്റർ മാറി കൊങ്കണാപുരത്ത് ദേശീയപാതയിൽ വെച്ചാണ് കവർച്ച നടന്നത്.
ധർമ്മരാജന്റെ അടുത്ത ബന്ധുവായിരുന്നു വാഹനത്തിൽ പൈലറ്റായി ഉണ്ടായിരുന്നത്. കൂത്തുപറമ്പ് സ്വദേശി അഷ്റഫും വാഹനത്തിൽ ഉണ്ടായിരുന്നു. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോഴും വൻ തോതിൽ ഹവാല പണം ഒഴുകിയെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ധർമ്മരാജൻ കർണ്ണാടകയിൽ നിന്നും മൂന്നു തവണ പണം എത്തിച്ചു. കൊടകര കവർച്ച നടന്ന ദിവസം 6.30 കോടി രൂപ തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചു. കോഴിക്കോടു നിന്നും മൂന്ന് പിക് അപ് ലോറികളിലാണ് പണം എത്തിച്ചത്. സുരേന്ദ്രന്റെ മകന്റെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. കവർച്ച നടന്നതിനു ശേഷവും ധർമ്മരാജൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പണം എത്തിച്ചിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.