മാവേലിക്കര> ഓലഷെഡ്ഡില് നിന്നാരംഭിച്ച്, ഒരു കലാലയത്തെ ലോകത്തിന്റെ ശ്രദ്ധയില് കൊണ്ടുവന്ന അസാമാന്യ ആര്ജ്ജവത്തിന്റെ മറുപേരാണ് റവ. കെ സി മാത്യു. മാവേലിക്കര കല്ലുമല ബിഷപ്മൂര് കോളേജിനെ ഇന്ത്യയിലെ ഏറ്റവും മികച്ച കോളേജുകളില് ഒന്നാക്കി വളര്ത്തുന്നതിന്, സ്വന്തം ജീവിതം കൊണ്ട് വെള്ളവും വളവുമായ മഹാഗുരുവിന്റെ വിയോഗവാര്ത്ത ഏറെ വേദനയോടെയാണ് മാവേലിക്കര കേട്ടത്.
1964 ജൂലൈ 6 ന്, മുളകളും ഓലയും കൊണ്ട് കെട്ടിമറച്ചുണ്ടാക്കിയ താത്കാലിക ഷെഡിലാണ്, ഇന്ന് മാവേലിക്കര ബിഷപ്മൂര് എന്ന പ്രശസ്തമായ കലാലയം പ്രവര്ത്തനമാരംഭിച്ചത്. അതിന്റെ സ്ഥാപക പ്രിന്സിപ്പലായി കെ സി മാത്യു അച്ചന് ചുമതലയേല്ക്കുമ്പോള് മാവേലിക്കര എന്ന സാസ്കാരിക നഗരത്തിന് അഭിമാന നിമിഷവുമായിരുന്നു. ആ വര്ഷം ജില്ലയില് അനുവദിച്ച 4 സ്വകാര്യ കോളേജുകളിലൊന്നായിരുന്നു ബിഷപ്മൂര്. കായംകുളത്തും ഹരിപ്പാട്ടും ചെങ്ങന്നുരുമായിരുന്നു മറ്റു കോളേജുകള്.
1964 ൽ ബിഷപ്പ് മൂർ കോളേജ് സ്ഥാപിച്ചപ്പോൾ, ഉണ്ടായിരുന്ന അധ്യാപകർക്കൊപ്പം പ്രിൻസിപ്പൽ റവ. കെ സി മാത്യു (ഇരിക്കുന്നതിൽ നടുവിൽ)
469 വിദ്യാര്ഥികളും 19 അധ്യാപകരുമായി ആരംഭിച്ച കോളേജിനെ പടിപടിയായി ഉയര്ത്തി, കാല് നൂറ്റാണ്ടു കാലം പ്രിന്സിപ്പലായി സേവനമനുഷ്ഠിച്ചു. 1989 ല് കോളജിന്റെ പടിയിറങ്ങുമ്പോഴേക്കും ഒരു കലാലയമെന്ന നിലയില് സമസ്ത മേഖലകളിലും നേട്ടങ്ങളുടെ അനേകം പടവുകള് ബിഷപ്മൂര് പിന്നിട്ടു കഴിഞ്ഞിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച കലാലയങ്ങളിലൊന്നായി ബിഷപ് മൂര് പരിഗണിക്കപ്പെടുന്ന കാലത്ത് കെ സി മാത്യു അച്ചന്റെ അമൂല്യവും അതുല്യവുമായി സംഭാവനകള് സുവര്ണ ലിപികളില് എഴുതിച്ചേര്ക്കേണ്ടതു തന്നെയാണ്. പ്രൊഫ. നൈനാന് കോശി, പ്രൊഫ. എം കെ ചെറിയാന് എന്നിവരായിരുന്നു അച്ചനൊപ്പം നിന്ന് പ്രവര്ത്തിച്ചവര്.
പ്രീയൂണിവേഴ്സിറ്റി നിര്ത്തലാക്കുകയും പ്രീഡിഗ്രി ആരംഭിക്കുകയും ചെയ്ത ഘട്ടത്തില് ആരംഭിച്ച ജൂനിയര് കോളേജ്, തുടക്കത്തില് വലിയ വെല്ലുവിളികളാണ് നേരിട്ടത്. കല്ലുമല സെന്റ്പോള്സ് സിഎസ്ഐ പള്ളിവക സ്ഥലത്ത് കോളേജ് ആരംഭിക്കുമ്പോള് പലരും മൂക്കത്ത് വിരല് വെച്ചു. ഈ സ്ഥാപനം അധിക നാള് മുന്നോട്ടു പോവില്ലെന്ന് പലരും പറഞ്ഞു. ഒന്നിനും അച്ചന്റെ ഇച്ഛാശക്തിയെ തളര്ത്താനായില്ല. അക്കാലത്ത് മാവേലിക്കരയിലും പരിസരങ്ങളിലും പ്രധാന കോളേജുകള് ഒന്നുമുണ്ടായിരുന്നില്ല. ഉപരിപഠനത്തിന് വളരെ ദൂരം യാത്ര ചെയ്യേണ്ട സാഹചര്യമായിരുന്നു. കോളേജ് നിലവില് വന്നതോടെ വിദ്യാഭ്യാസ മേഖലയില് മാവേലിക്കര കൂടുതല് കരുത്താര്ജ്ജിച്ചു.
കോട്ടയം കൊച്ചുകളീക്കല് റവ. കെ കെ ചാക്കോയുടെയും അന്നമ്മ ചാക്കോയുടെയും മകനായി 1929 ജനുവരി 22 ന് കോഴഞ്ചേരി നെടുങ്ങാടപ്പള്ളിയിലായിലെ പാഴ്സനേജിലാണ് കെ സി മാത്യുവിന്റെ ജനനം. ചങ്ങനാശ്ശേരി എസ്ബി കോളേജില് നിന്ന് ഇന്റര് മീഡിയേറ്റ് പാസായ ശേഷം ഭൗതികശാസ്ത്രത്തില്, ആലുവ യുസി കോളേജില് നിന്നും ബിരുദവും രാജസ്ഥാനിലെ പിലാനി ബിര്ളാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സസില് നിന്നും ബിരുദാനന്തര ബിരുദവും നേടി. തുടര്ന്ന് അമേരിക്കയിലെ ബൂസ്റ്റണിലുള്ള ആന്റോവര് തിയോളജിക്കല് സ്കൂളില് നിന്നും മാസ്റ്റര് ഓഫ് റീലിജിയസ് എജ്യൂക്കേഷനില് ബിരുദം നേടി. കോട്ടയം സിഎംഎസ് കോളേജില് 1951 ല് ഡെമോണ്സ്ട്രേറ്ററായി ജോലിയില് പ്രവേശിച്ചു. 1954- 64 കാലത്ത് ഇവിടെത്തന്നെ ലക്ചററായും ജോലി ചെയ്തു. 1959 ല് വൈദികനായി.
ഏറ്റുമാനൂര് തിരുവഞ്ചൂര് കല്ലുമല സിഎസ്ഐ പള്ളികളുടെ ചുമതല വഹിച്ചു. 4 തവണ കേരള സര്വ്വകലാശാല സെനറ്റ് അംഗവും ഒരു തവണ സിന്ഡിക്കേറ്റംഗവുമായിരുന്നു ആലുവ യുസി കോളേജ് മാനേജരായി 5 വര്ഷം പ്രവര്ത്തിച്ചു. കോട്ടയം മാങ്ങാനം മന്ദിരം സൊസൈറ്റി സെക്രട്ടറിയായിരുന്നു. ന്യൂവിഷന് പ്രസിദ്ധീകരണത്തിന്റെ മാനേജരും പബ്ലീഷറുമാണ്. സിഎസ്ഐ യൂത്ത്കോണ്ഫറന്സ് പ്രസിഡന്റ്, യുവലോകം മാഗസിന് എഡിറ്റര്, സിഎസ്ഐ സിനഡ് അംഗം, മദ്രാസ് ക്രിസ്ത്യന് കോളേജ് കൗണ്സിലംഗം, എഐആര് (ഓള് ഇന്ത്യാ റേഡിയോ) ഉപദേശക സമിതിയംഗം, കേരള സറ്റുഡന്റ്സ് ക്രിസ്ത്യന് മൂവ്മെന്റ് സെക്രട്ടറി എന്നീ നിലകളില് പ്രവര്ത്തിച്ചു. ബിഷപ് മൂര് വിദ്യാപീഠം സ്കൂള് സ്ഥാപകനുമായിരുന്നു.
കോട്ടയം സിഎംഎസ് കോളേജില് പ്രവര്ത്തിച്ചു വരവേ 35-ാം വയസിലാണ് മാവേലിക്കരയിലെത്തുന്നത്. നിരവധി പ്രമുഖരുടെ അധ്യാപകനാണ്. 1964 മുതൽ 89 വരെ കാല് നൂറ്റാണ്ടുകാലം ബിഷപ്മൂര് കോളേജിന്റെ പ്രിന്സിപ്പലായി തുടര്ന്നു. റവ. ഡോ. മാത്യു പി ഇടിക്കുള എഴുതിയ കെ സി മാത്യുവിന്റെ ജീവചരിത്രത്തിന്റെ തലക്കെട്ട്, ‘ഒഴുക്കിനെതിരെ’. ഈ തലക്കെട്ടിനെ അന്വര്ഥമാക്കുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ബിഷപ്മൂര് കോളേജിന് 57 വയസ് പൂര്ത്തിയായതിന് തൊട്ടുപിന്നാലെയാണ് കെ സി മാത്യു അച്ചന്റെ വിയോഗം.
റവ. കെ സി മാത്യു മഹാനായ അധ്യാപകൻ: മന്ത്രി സജി ചെറിയാൻ
മാവേലിക്കര> കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്, മാവേലിക്കര ബിഷപ് മൂര് കോളേജ് എന്ന പേര് മായാതെ എഴുതിച്ചേര്ത്ത മഹാനായ അധ്യാപകനാണ് റവ. കെ സി മാത്യുവെന്ന് സാംസ്കാരിക ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു..
‘‘ബിഷപ്മൂര് കോളേജില് ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ ശിഷ്യനാവാന് എനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന കാലത്താണ് വിദ്യാര്ത്ഥി രാഷ്ട്രീയ രംഗത്ത് നേതൃത്വപരമായ ഉത്തരവാദിത്തം നിര്വഹിച്ച് ഞാന് കോളേജില് എത്തുന്നത്. രണ്ടു പതിറ്റാണ്ടിലേറെക്കാലത്തെ കെഎസ്യു ആധിപത്യം തകര്ത്ത് എസ്എഫ്ഐ, കോളേജിന്റെ ചരിത്രത്തിലാദ്യമായി യൂണിയന് പിടിച്ചെടുത്തപ്പോള് അദ്ദേഹമായിരുന്നു പ്രിന്സിപ്പല്. ഒരു വിദ്യാര്ത്ഥി സംഘടനാ പ്രവര്ത്തകനെന്ന നിലയില് ഒരു ഗുരുനാഥനില് നിന്നും ലഭിക്കേണ്ട എല്ലാ പിന്തുണയും അനുഗ്രഹവും സ്നേഹവും ഇക്കാലയളവില് എനിക്ക് ലഭിക്കുകയുണ്ടായി. അ്ദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള പെരുമാറ്റവും ഒപ്പം തെറ്റായ എന്തെങ്കിലും കണ്ടാലുള്ള ശക്തമായ ഇടപെടലുകളും രാഷ്ട്രീയരംഗത്ത് വളര്ന്നു വരുന്നതിന് വലിയ പങ്കുവഹിച്ചു.’’ സജി ചെറിയാൻ പറഞ്ഞു.
എല്ലാ വിദ്യാര്ത്ഥികളെയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച വ്യക്തിത്വമായിരുന്നു. വിദ്യാര്ഥി രാഷ്ട്രീയം കോളേജില് നിലനില്ക്കണമെന്ന് അച്ചന് ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായി വിദ്യാര്ത്ഥി സംഘടനകളുടെ സംസ്ഥാന നേതാക്കള്ക്ക് എല്ലാ വിദ്യാര്ഥികളെയും അഭിസംബോധന ചെയ്തു സംസാരിക്കുന്നതിന് കോളേജിനകത്ത് സ്റ്റേജ് നല്കിയ ഏക കോളേജായിരുന്നു അന്ന് ബിഷപ്മൂര്. അത്തരം സന്ദര്ഭങ്ങളിലെ അച്ചന്റെ സാമൂഹ്യബോധം, വിദ്യാര്ഥികളില് സാമൂഹ്യബോധം സൃഷ്ടിക്കാനും വിദ്യാര്ത്ഥി രാഷ്ട്രീയത്തിന്റെ അനിവാര്യത എന്താണെന്ന് മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട്. അത്തരം വേദികള് ഒരുക്കിയതിനാല് ഇന്ന് കേരളത്തിലുള്ള നിരവധി ഉന്നത രാഷ്ട്രീയ നേതാക്കള്ക്കും അവിടെ പഠിച്ചു വളര്ന്നു വരാന് കഴിഞ്ഞിട്ടുണ്ട്. അതിന് കാരണം അച്ചന്റെ സാന്നിധ്യമായിരുന്നു. പഠനത്തിലുൾപ്പെടെ സമസ്ത മേഖലകളിലും മികവാര്ന്ന നിലയില് കോളേജിനെ മുന്നോട്ടു നയിക്കാന് അച്ചന് കഴിഞ്ഞു. ഏറ്റവും കൂടുതല് റാങ്കുകള് നേടുന്ന കോളേജാക്കി ബിഷപ് മൂറിനെ മാറ്റിയെടുത്തു. അച്ചടക്കത്തിന്റെ കാര്യത്തിലും അച്ചന് കര്ശന നിലപാടെടുത്തിരുന്നു. മാവേലിക്കരയുടെയെന്നല്ല, മധ്യകേരളത്തിന്റെ തന്നെ വിദ്യാഭ്യാസ പുരോഗതിക്ക് നെടുംതൂണുകളിലൊന്നായി തുടരുന്ന ബിഷപ്മൂര് കോളേജിനെ ഇന്നത്തെ നിലയിലേക്ക് കൈപിടിച്ചുയര്ത്തിയതിന് പിന്നില് കെ സി മാത്യു അച്ചന്റെ ത്യാഗനിര്ഭരമായ ജീവിതത്തിന്റെ ചരിത്രമുണ്ട്. മുപ്പത്തഞ്ചു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അദ്ദേഹത്തെ സിഎസ്ഐ സഭ വലിയൊരു ചുമതലയേല്പിച്ചത്. കാല്നൂറ്റാണ്ടു കാലം ആ ഉത്തരവാദിത്തം ഏറ്റവും മികച്ച നിലയില് പൂര്ത്തീകരിച്ചാണ് അദ്ദേഹം കോളേജിന്റെ പടിയിറങ്ങിയത്. മധ്യകേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില് നാഴികക്കല്ലായി മാറിയ കലാലയത്തിന് ശിലയിടുമ്പോള് നാമമാത്രമായ വിദ്യാര്ഥികള് മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇന്ന് ഇന്ത്യയിലെ മികച്ച കോളേജുകളിലൊന്നായി ഈ കലാലയം തലയുയര്ത്തി നില്ക്കുമ്പോള്, അതിനു മുകളില് റവ. കെ സി മാത്യുവിന്റെ പേര് സുവര്ണ ലിപികളില് എഴുതിച്ചേര്ക്കപ്പെടും. മഹാഗുരുവിന് കണ്ണീര്പ്രണാമം