തിരുവനന്തപുരം
കേന്ദ്രസർക്കാർ കൊണ്ടുവരുന്ന കുടിയേറ്റ നിയമം പ്രവാസികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നില്ലെന്ന് കേരള പ്രവാസി സംഘം. റിക്രൂട്ടിങ് ഏജൻസികൾക്കാണ് അമിത പ്രാധാന്യമെന്ന് കരട് നിയമം വ്യക്തമാക്കുന്നു.
കുടിയേറ്റ തൊഴിലാളി ക്ഷേമം മുൻനിർത്തിയുള്ള അന്താരാഷ്ട്ര പ്രമേയങ്ങളുടെ കാഴ്ചപ്പാടുകൾ നിയമത്തിലില്ല. തിരിച്ചു വരുന്നവരുടെ പുനരധിവാസം ചർച്ച ചെയ്യുന്നില്ല. പ്രവാസി വനിതകളെ കുറിച്ചും പരാമർശമില്ല. പ്രവാസി കുടുംബാംഗങ്ങൾ, വിദ്യാർഥികൾ എന്നിവരെക്കുറിച്ച് മൗനം പാലിക്കുന്നു.റിക്രൂട്ടിങ് ഏജൻസികളുടെ ഉപഏജന്റുമാരുടെ ചുമതല, നിയമ സാധുത, ശിക്ഷണ നടപടി എന്നിവ നിർവചിച്ചില്ല.
രാജ്യത്തിന് വിദേശ നാണ്യശേഖരം നൽകുന്ന പ്രവാസികൾക്ക് സംരക്ഷണവും സഹായവും പുനരധിവാസവും ഉറപ്പാക്കുന്ന നിയമമാണ് പാർലമെന്റ് പാസ്സാക്കേണ്ടതെന്നും പ്രവാസി സംഘം എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി.ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ റിപ്പോർട്ട് അവതരിപ്പിച്ചു. പി സെയ്താലിക്കുട്ടി കുടിയേറ്റ നിയമം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു.