തിരുവനന്തപുരം
രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുകളുണ്ടെങ്കിലും സാമൂഹ്യ പ്രതിരോധ ശേഷി കൈവരിച്ചാൽ ഇത് ഉണ്ടാകണമെന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തരംഗം സ്വാഭാവികമായി ഉണ്ടാകില്ല. കോവിഡ് നിയന്ത്രണത്തിലെ പാളിച്ചകളിലൂടെയും വാക്സിൻ വിതരണത്തിലെ വീഴ്ചകളിലൂടെയും ഉണ്ടാക്കപ്പെടുകയാണ്. അതിനാൽ അതിവേഗം ഒരു ഡോസെങ്കിലും വാക്സിൻ എല്ലാവർക്കും നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നത്.
മൂന്നാംതരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്നതിന് ശാസ്ത്രീയ അടിത്തറയില്ല. ഇതിനകം നാല് കുട്ടികളെ മാത്രമാണ് രോഗം ബാധിച്ചത്. കുട്ടികളിലെ മരണനിരക്കും കുറവാണ്. എങ്കിലും മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം എന്ന ഗുരുതര കോവിഡാനന്തര രോഗസാധ്യത കാണുന്നത് പരിഗണിച്ച് കുട്ടികളുടെ ചികിത്സയ്ക്ക് തീവ്രപരിചരണ സംവിധാനം ഒരുക്കുകയാണ്. സാമൂഹ്യ പ്രതിരോധശേഷി കൈവരിച്ചാലും കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പെട്ടെന്ന് പിൻവലിക്കാനാകില്ല. വാക്സിനെടുത്തവരിലും ഭേദമായവരിലും വീണ്ടും രോഗം പിടിപെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് വാക്സിനെടുത്തവരും മാസ്ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ഗർഭിണികളും
വാക്സിനെടുക്കണം
മുഴുവൻ ഗർഭിണികളും വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് 40,000 ഗർഭിണികൾ വാക്സിൻ എടുത്തു. ചിലർ വിമുഖത കാണിക്കുന്നുണ്ട്. ഗർഭിണികൾ സ്വന്തവും കുഞ്ഞിന്റെയും സുരക്ഷയും കണക്കിലെടുത്ത് വാക്സിനെടുക്കണം. ഇതിന് മാതൃകവചം പദ്ധതിയിൽ രജിസ്റ്റർ ചെയ്യണം. സ്മാർട്ട്ഫോൺ, കംപ്യൂട്ടർ സൗകര്യങ്ങളില്ലാത്തവരെ ആശാ പ്രവർത്തകരുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യിപ്പിച്ചാണ് വാക്സിൻ എടുപ്പിക്കുന്നത്. സ്വന്തമായി രജിസ്റ്റർ ചെയ്യാനാകുന്നവരെ അതിന് പ്രോത്സാഹിപ്പിക്കും. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നവിധം ക്രമീകരണം നടത്തിയാണ് ഗർഭിണികൾക്ക് വാക്സിൻ നൽകുന്നത്.
കേരളത്തിൽ കോവിഡ് ബാധിച്ച് നിരവധി ഗർഭിണികൾ ഗുരുതരാവസ്ഥയിലാകുകയും അപൂർവംപേർ മരിച്ചിട്ടുമുണ്ട്. പലതരം പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗർഭിണികൾക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചത്. അതുകൊണ്ട് വാക്സിന്റെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ട. മുലയൂട്ടുന്ന അമ്മമാർക്ക് ഏത് കാലയളവിലും വാക്സിൻ നൽകാൻ കേന്ദ്രം നേരത്തെ അനുമതി നൽകിയിരുന്നു. അതിനാൽ ഗർഭാവസ്ഥയിലെ അവസാന മാസങ്ങളിൽ ഒന്നാം ഡോസ് വാക്സിൻ എടുത്താലും രണ്ടാം ഡോസിന് സമയമാകുമ്പോൾ, മുലയൂട്ടുന്ന സമയമായാൽപ്പോലും വാക്സിൻ എടുക്കാൻ തടസ്സമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാക്സിൻ നിർമാണം: കൂടുതൽ
വിവരം പിന്നീട്
സംസ്ഥാനത്ത് കോവിഡ് വാക്സിൻ നിർമാണം സംബന്ധിച്ച പ്രാഥമിക ചർച്ചമാത്രമാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തുതന്നെ വാക്സിൻ നിർമാണകേന്ദ്രം സ്ഥാപിക്കുക സർക്കാരിന്റെ ലക്ഷ്യമാണ്. കൂടുതൽ വിവരം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.