കൊച്ചി
പാലാരിവട്ടം പാലം അഴിമതിയിൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ ഹർജി ഹൈക്കോടതി തള്ളി. മുൻകൂർ അനുമതിയില്ലാതെയാണ് തനിക്കെതിരെ കേസെടുത്തതെന്ന സൂരജിന്റെ വാദം തള്ളിയാണ് ജസ്റ്റിസ് നാരായണ പിഷാരടിയുടെ ഉത്തരവ്.
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണത്തിന് അനുമതിയുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് പിന്നീട് പ്രത്യേക അനുമതി വേണ്ടെന്ന് കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന പൊതുമരാമത്തുമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെകൂടി ചുമതലയുള്ള മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നൽകിയത്. ഒരു മന്ത്രിയുടെ തീരുമാനം സർക്കാരിന്റെ തീരുമാനംതന്നെയാണ്. സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അഡിഷണൽ ചീഫ് സെക്രട്ടറി അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയത്. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് അനുമതിയില്ലെന്ന ഹർജിക്കാരന്റെ വാദത്തിൽ കഴമ്പില്ല. അന്വേഷണത്തിന് ഗവർണറുടെ അനുമതിയില്ലെന്ന വാദവും കോടതി തള്ളി. ഭരണഘടനയുടെ അനുഛേദം 166 പ്രകാരം സർക്കാർ തീരുമാനങ്ങൾ എടുക്കുന്നത് ഗവർണറുടെ പേരിലാണെന്നും അതുകൊണ്ട് പ്രത്യേക അനുമതി വേണ്ടെന്നും കോടതി പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥർ പൊതുപണം സ്വന്തം നേട്ടത്തിനായി വിനിയോഗിക്കാൻ അനുവദിച്ചാൽ അതിനെ ഔദ്യോഗിക ചുമതലയുടെ ഭാഗമായുള്ള കൃത്യനിർവഹണമായി കാണാനാകില്ല. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതിയുടെ ആനുകൂല്യം അവകാശപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു. പാലാരിവട്ടം പാലം അഴിമതി അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നുവെന്നും അതിനാൽ സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി ഉണ്ടായിരുന്നില്ലെന്ന വാദത്തിന് കഴമ്പില്ലെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി ബോധിപ്പിച്ചു.
സൂരജിനെതിരെ കേസെടുത്തത് സർക്കാരിന്റെ അനുമതിയോടെയാണെന്ന വിജിലൻസിന്റെ വാദം കോടതി ശരിവച്ചു. കേസെടുക്കുമ്പോൾ സൂരജ് പ്രതിയായിരുന്നില്ലെന്നും അഴിമതിയിൽ സൂരജിന്റെ പങ്ക് വ്യക്തമായതിനാലാണ് പ്രതിയാക്കിയതെന്നും വിജിലൻസ് വ്യക്തമാക്കി. കുറ്റകൃത്യം നടന്ന സമയത്ത് അഴിമതി നിരോധന നിയമത്തിലെ ഭേദഗതി നിലവിൽ വന്നിരുന്നില്ല. മുൻകാല പ്രാബല്യം ഹർജിക്കാരന് അവകാശപ്പെടാനാകില്ലെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിയുടെതന്നെ വിധിയുണ്ടെന്നും വിജലൻസ് ചൂണ്ടിക്കാട്ടി.