കൊച്ചി
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുചോർച്ചയ്ക്കും പഴയകാല പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കിലും ബിജെപി മണ്ഡലം അവലോകന യോഗങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. സ്ഥാനാർഥിനിർണയത്തിലെ പാളിച്ച, ശക്തിയില്ലാതായ ബിഡിജെഎസിന് വാരിക്കോരി സീറ്റുകൾ നൽകിയത്, ഫണ്ട് താഴേത്തട്ടിൽ എത്താത്തത് ഇതിനെല്ലാം സംസ്ഥാന, ജില്ലാ നേതൃത്വത്തിന് എതിരെ മണ്ഡലം ഭാരവാഹികൾ ആഞ്ഞടിച്ചു. എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയിലെ വോട്ടുചോർച്ച പ്രത്യേകം അന്വേഷിക്കണമെന്നും ഭൂരിഭാഗം യോഗങ്ങളിലും ചർച്ച ഉയർന്നു. ജില്ലയിലെ വോട്ടുചോർച്ച പ്രവർത്തകർക്ക് നാണക്കേടായെന്നും എൻഡിഎയുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യുന്ന രീതിയിലായെന്നും മണ്ഡലം ഭാരവാഹികൾ തുറന്നടിച്ചു.
തെരഞ്ഞെടുപ്പ് ഫണ്ട് ഇത്തവണ താഴേക്ക് എത്താത്തതും പ്രവർത്തനത്തെ ബാധിച്ചു. ചിലയിടത്ത് മണ്ഡലം പ്രസിഡന്റും ആർഎസ്എസ് നിയോഗിച്ച തെരഞ്ഞെടുപ്പ് ചുമതലക്കാരനും തമ്മിലുള്ള ഏകോപനമില്ലായ്മയും കുഴപ്പമായെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ള ജില്ലാ നേതൃത്വം തികഞ്ഞ പരാജയമാണെന്ന് ഭൂരിപക്ഷം മണ്ഡലം ഭാരവാഹികളും ആഞ്ഞടിച്ചു. തനിക്കെതിരെ രഹസ്യയോഗം ചേർന്ന 10 മണ്ഡലം ഭാരവാഹികൾ യോഗത്തിൽ വിശദീകരണം നൽകണമെന്ന ജില്ലാ പ്രസിഡന്റിന്റെ ആവശ്യം മണ്ഡലം ഭാരവാഹികൾ തള്ളി. ഇതേത്തുടർന്ന്, അവരെ താക്കീതുചെയ്യാൻ തുടർന്നുചേർന്ന ജില്ലാ കോർകമ്മിറ്റി യോഗം തീരുമാനിച്ചു. കൂടുതൽപേർ പാർടി വിടുന്ന അവസ്ഥ ഒഴിവാക്കാൻ മണ്ഡലം ഭാരവാഹികൾക്കെതിരെ മറ്റ് അച്ചടക്കനടപടി ആവശ്യമില്ലെന്ന് കോർ കമ്മിറ്റി തീരുമാനിച്ചു.
പിറവം, പെരുമ്പാവൂർ മണ്ഡലങ്ങളിൽ പ്രവർത്തകർ കൂട്ടത്തോടെ പാർടി വിട്ടതും കോതമംഗലത്ത് ആദ്യകാല നേതാക്കൾ വികസനസമിതി എന്ന പേരിൽ സമാന്തരകമ്മിറ്റി രൂപീകരിച്ചതും ചർച്ചയായി. കോതമംഗലത്തെ വിമതനേതാക്കളെ തിരിച്ചെടുക്കാനാണ് ജില്ലാ കോർകമ്മിറ്റിയുടെ തീരുമാനം. ഇതിനെ കോതമംഗലം മണ്ഡലം യോഗത്തിൽ അവിടത്തെ ഔദ്യോഗികപക്ഷം എതിർത്തെങ്കിലൂം ഫലമുണ്ടായില്ല. നാലു ദിവസങ്ങളായി നടന്ന മണ്ഡലം അവലോകന യോഗങ്ങൾ വെള്ളിയാഴ്ച സമാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബുവും പങ്കെടുത്തു.