ന്യൂഡൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ അപ്പീൽ നൽകുമെന്ന് എൻഐഎ സുപ്രീം കോടതിയെ അറിയിച്ചു. സ്വതന്ത്ര ജമ്മുകശ്മീരിന് വേണ്ടിയുള്ള ബാനർ താഹ ഫസലിൽ നിന്ന് കണ്ടെത്തിയതായി എൻഐഎ അഭിഭാഷകൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി. അതെ സമയം മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് കൈവശം വെക്കുന്നത് കുറ്റക്കാരമാണോയെന്ന് കോടതി എൻഐഎ അഭിഭാഷകനോട് ആരാഞ്ഞു.
പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലൻ ഷുഹൈബിനും താഹ ഫസലിനും എൻഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി. ഇതിനെതിരെ താഹ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കവെയാണ് അലൻ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ അപ്പീൽ നൽകുമെന്ന് എൻഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു സുപ്രീം കോടതിയെ അറിയിച്ചത്. തുടർന്ന് രണ്ട് ഹർജികളും ഒരുമിച്ച് പരിഗണിക്കാനായി അടുത്ത ആഴ്ചത്തേക്ക് മാറ്റി.
ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത 23 വയസ് പ്രായമുള്ള മാധ്യമ വിദ്യാർഥിയാണ് താഹ ഫസലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി.ഗിരി ചൂണ്ടിക്കാട്ടി. സിപിഐ മാവോയിസ്റ്റ് പുറത്തിറക്കിയ ഇന്ത്യയിലെ ജാതി വ്യവസ്ഥ സംബന്ധിച്ച പുസ്തകം, റോസാ ലക്സൺബെർഗ്, രാഹുൽ പണ്ഡിത എന്നിവരുടെ പുസ്തകങ്ങൾ, മാധവ് ഗാഡ്ഗിൽ റീപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ലഘുലേഖകൾ, ജമ്മു കശ്മീരിലെ സർക്കാർ നടപടികളെയും മാവോയിസ്റ്റുകൾക്ക് എതിരെയുള്ള നടപടികളെയും സംബന്ധിച്ച നോട്ടീസുകൾ എന്നിവയാണ് താഹയിൽ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയതെന്നും ഗിരി ചൂണ്ടിക്കാട്ടി.
തുടർന്നാണ് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് കൈവശം വെക്കുന്നത് കുറ്റക്കാരമാണോ എന്ന് കോടതി ആരാഞ്ഞത്. അതേസമയം ലഘുലേഖകൾ താഹ സ്വന്തമായി തയ്യാറാക്കിയതാണെന്ന് എൻഐഎ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മാവോയിസ്റ്റ് സംഘടന അംഗങ്ങൾക്ക് ഇടയിൽ വിതരണം ചെയ്യാൻ തയ്യാറാക്കിയ ചില കുറുപ്പികളും പ്രതികളിൽ നിന്ന് കണ്ടെത്തിയതായി എൻഐഎ അഭിഭാഷകൻ വ്യക്തമാക്കി.
Content Highlights: Pantheerankavu UAPA case: NIA will appeal against the bail of Alan Shuhaib